തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് കലാഭവന്‍ സോബിക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ കാര്‍ അപടകത്തില്‍ പെടുമ്പോള്‍ വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനെ പ്രതിചേര്‍ത്താണ് സിബിഐ കുറ്റപത്രം. അര്‍ജുന്‍ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സിബിഐ കണ്ടെത്തല്‍. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ചേര്‍ത്താണ് കുറ്റപത്രം. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 132 സാക്ഷിമൊഴികളും 100 രേഖകളും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.

സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിട്ടത്. പിതാവടക്കമുള്ള ബന്ധുക്കളായിരുന്നു ആരോപണമുന്നയിച്ചത്. സാമ്പത്തിക ഇടപാടുകളിലേക്കും സിബിഐ അന്വേഷണം തിരിഞ്ഞിരുന്നു.

2018 സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. മകള്‍ അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിക്കുകയായിരുന്നു.