കാണ്‍പൂര്‍: തട്ടിക്കൊണ്ടു പോയ മകളെ അന്വേഷിച്ചു കണ്ടുപിടിക്കാനായി പൊലീസ് വാഹനങ്ങളില്‍ ഡീസല്‍ അടിച്ചുകൊടുക്കേണ്ടി വന്നെന്ന ആരോപണവുമായി അമ്മ. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലാണ് വിധവയായ ഗുഡിയ എന്ന സ്ത്രീക്ക് പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ അന്വേഷിക്കാനായി പൊലീസ് വാഹനങ്ങളില്‍ ഡീസല്‍ അടിച്ചുകൊടുക്കണമെന്ന ആവശ്യത്തിനായി കൈക്കൂലി കൊടുക്കേണ്ടി വന്നത്. ഇതിനായി ഏതാണ്ട് 10,000 മുതല്‍ 15,000 രൂപ വരെ താന്‍ ചെലവാക്കിയെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ ബന്ധുക്കളില്‍ ഒരാള്‍ തട്ടിക്കൊണ്ടു പോയതെന്ന് ഗുഡിയ ആരോപിക്കുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിനായി ചെന്ന ഗുഡിയയെ പൊലീസ് സഹായിച്ചില്ല. കൂടാതെ അന്വേഷണത്തിന് വേണ്ടി പോകാനായി പൊലീസ് വാഹനങ്ങളില്‍ ഇന്ധനം നിറക്കേണ്ടിയും വന്നു. അന്വേഷണ പുരോഗതി അറിയാന്‍ ചെല്ലുന്ന തന്നെ പലപ്പോഴായി പൊലീസുകാര്‍ ആട്ടിയോടിക്കുമായിരുന്നു എന്നും അവര്‍ പറയുന്നു.

പൊലീസുകാരുടെ ഈ കൃത്യവിലോപത്തിനെതിരെ കഴിഞ്ഞ ദിവസം ഗുഡിയ കാണ്‍പുര്‍ പൊലീസ് മേധാവിയെ കണ്ട് പരാതി ഉന്നയിച്ചു. പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ താന്‍ പൊലീസുകാര്‍ക്ക് പണം കൈക്കൂലി ആയി നല്‍കിയിട്ടില്ല എന്നാല്‍ വാഹനങ്ങളില്‍ ഇന്ധനം നിറക്കാനായി പണം ചെലവാക്കിയിട്ടുണ്ടെന്നുള്ളത് സത്യമാണെന്ന് അവര്‍ സൂചിപ്പിച്ചു. എന്നിട്ടും പൊലീസുകാരുടെ സഹായം തനിക്കു ലഭിച്ചില്ലെന്നും ഗുഡിയ ആരോപിച്ചു.

‘ബന്ധുക്കളില്‍ നിന്നും മറ്റുമായാണ് ദരിദ്രയായ ഞാന്‍ ഈ പണം കടം വാങ്ങിയത്. ഈ പണമുപയോഗിച്ചാണ് 34 തവണത്തെ യാത്രക്കുള്ള ഇന്ധനം പൊലീസ് നിറച്ചതും. ഇതിലൊരു തീരുമാനമാകാതെ എനിക്കെങ്ങനെ മാറി നില്‍ക്കാനാകും’, അവര്‍ ചോദിക്കുന്നു.

ഗുഡിയ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കുറ്റാരോപിതരായ പൊലീസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ കാണാതായ പെണ്‍കുട്ടിയെ അന്വേഷിക്കാനായി പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസിന്റെ ട്വീറ്റില്‍ പറയുന്നു.

ഈ കേസില്‍ ഉടന്‍ തുടര്‍നടപടി ഉണ്ടാകണമെന്ന് ഉത്തരവാദിത്തപ്പെട്ട പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രജേഷ് കുമാര്‍ ശ്രീവാസ്തവ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.