തൃശൂര്‍: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും താന്‍ തയ്യാറെന്ന് അര്‍ജ്ജുന്‍ സിബിഐയോട് വ്യക്തമാക്കി. നുണ പരിശോധനക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നിന്ന് കാര്‍ ഓടിച്ചത് ബാലഭാസ്‌കറാണ്. താന്‍ പിന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നെന്നും മൊഴി നല്‍കി. തനിക്ക് പറ്റിയ പരിക്കുകളുടെ ചിത്രങ്ങളും അര്‍ജുന്‍ സിബിഐ സംഘത്തിന് കൈമാറി.

തൃശ്ശൂരില്‍ സിബിഐ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. തിരുവനന്തപുരം സിബിഐ എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നുണ്ട്. താനല്ല വണ്ടി ഓടിച്ചതെന്നാണ് അര്‍ജുന്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്തത്.

നേരത്തെ ക്രൈം ബ്രാഞ്ച് സംഘത്തിന് നല്‍കിയ മൊഴിയിലും അര്‍ജുന്‍ വണ്ടിയോടിച്ചത് താനല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ്. മരിക്കുന്നതിന് മുന്‍പ് ബാലഭാസ്‌കറിന്റെ മൊഴിയും ഇത് തന്നെയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.