കൊച്ചി: കുറഞ്ഞ കാലയളവിനിടെ കുതിച്ചുയര്‍ന്ന് നാല്‍പതിനായിരം കടന്ന സ്വര്‍ണവില തുടര്‍ച്ചയായി ഇടിഞ്ഞിരുന്നു. പവന് 400 രൂപ കുറഞ്ഞ് 37,840 രൂപയാണ് ഇന്നത്തെ വില. 4730 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,929.94 ഡോളറാണ് വില.ആഗസ്റ്റ് 26ന് പവന്‍ വില 38,000 രൂപയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം 240 രൂപവര്‍ധിച്ച് 38,240 രൂപയുമായി. തുടര്‍ന്നാണ് വീണ്ടും പവന് 400 രൂപയുടെ ഇടിവുണ്ടായത്.

ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില സ്ഥിരതയാര്‍ജ്ജിച്ചതും കോവിഡ് വാക്‌സിന്‍ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉര്‍ജ്ജിതമായതുമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ കാരണം. കോവിഡ് വാക്‌സിനെക്കുറിച്ച് ശുഭകരമായ വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിക്ഷേപകര്‍ ലാഭമെടുത്ത് പിന്‍മാറുന്നത് സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

കോവിഡ് പ്രതിസന്ധിയില്‍ നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ വിപണി ഉണര്‍ന്നു തുടങ്ങിയതും സ്വര്‍ണവിലയുടെ കുറവിന് കാരണമായിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ സ്വര്‍ണവില വീണ്ടും പഴയപടി ആയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.