Connect with us

kerala

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി.

Published

on

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനമേര്‍പ്പെടുത്തി. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 52 ദിവസമാണ് നിരോധനം.

ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങള്‍ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം ജില്ലയിലെ നീണ്ടകര ഹാര്‍ബര്‍ ട്രോളിങ് നിരോധന കാലഘട്ടത്തില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വര്‍ഷവും തുടരാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കണം. എന്നാല്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണം.

കടല്‍ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് ഐ.ഡി. കാര്‍ഡ്/ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഏകീകൃത കളര്‍ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ തന്നെ അടിയന്തിരമായി കളര്‍ കോഡിംഗ് നടത്തണമെന്നും യോഗം തീരുമാനിച്ചു.

മറൈന്‍ എന്‍ഫോഴ്‌സ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കൂടുതല്‍ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാല്‍ ജില്ലാ ഫിഷറീസ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാന്‍ അതത് ജില്ലാ പൊലീസ് മേധാവികള്‍ നടപടി സ്വീകരിക്കണം.

ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകള്‍ എല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സുമെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കണം. ട്രോളിങ് നിരോധനം ലംഘിയ്ക്കുന്ന ട്രോള്‍ ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

ട്രോളിങ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വളളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോള്‍ ഫിഷറീസ് വകുഷ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. അടിയന്തിര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സജ്ജമായിരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പൊലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

 

kerala

നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; മെമു സര്‍വീസ് ഉടന്‍

Published

on

ഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് ഇപ്പോള്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ആവശ്യം ഉയര്‍ത്തി റെയില്‍വേ മന്ത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയ അധികാരികളെ നിരന്തരം അദ്ദേഹം സമീപിച്ചിരുന്നു.

ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് കത്തയച്ചു. കേന്ദ്ര റെയില്‍ മന്ത്രിക്ക് എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീറും കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു.

Continue Reading

kerala

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

Published

on

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉപയോക്താക്കള്‍ക്കും യാത്രികര്‍ക്കും ശൗചാലയം ഉപയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ദേശീയ പാതയോരത്ത് അല്ലാത്ത പെട്രോൾ പമ്പുകളിലെ ശൗചാലയ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും. അവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മാത്രമായിരിക്കും ശൗചാലയം ഉപയോഗിക്കാന്‍ അനുമതി.

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളാക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങളെ ചോദ്യംചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് സി എസ് ഡയസാണ് ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തത്. പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ചുളളത് സ്വകാര്യ ശൗചാലയങ്ങളാണെന്നും അത് പൊതുശൗചാലയങ്ങളാക്കി മാറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Continue Reading

kerala

ഓണ്‍ലൈന്‍ മദ്യവില്‍പ്പന അനുവദിക്കില്ല

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു

Published

on

കോഴിക്കോട്: നാട് മുഴുവന്‍ ലഹരിയില്‍ മുങ്ങുമ്പോള്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന സര്‍ക്കാര്‍ നീക്കം എന്ത് വില കൊടുത്തും തടയുമെന്ന് ലഹരി നിര്‍മാര്‍ജ്ജന സമിതി. നാടിന്റെ ഭാവി പോലും പരിഗണിക്കാതെയാണ് ഇടത് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് ലഹരി നിര്‍മാര്‍ജന സമിതി (എല്‍.എന്‍.എസ് ) സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേര്‍ന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആരോപിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനം ഗൗരവമായി കാണണമെന്നും ഓണ്‍ലൈന്‍ വഴിയില്‍ എളുപ്പത്തിലും വേഗത്തിലും മദ്യം എത്തിച്ചു കൊടുക്കുന്ന ഉദാരമായ നയസമീപനം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹ്യ സമാധാന അന്തരീക്ഷം അതുവഴി പൂര്‍ണമായി തകരുമെന്നും ഇതിനെതിരെയുള്ള പോരാട്ടം ഓരോ പൗരന്റെയും ധാര്‍മിക ബാധ്യതയുമാണെന്നും കമാല്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ലഹരി ഉപയോഗം പരിമിതമായ മേഖലകളില്‍ ഒതുങ്ങി നിന്നിരുന്നുവെങ്കില്‍ ഇന്ന് വിദ്യാര്‍ത്ഥികളിലും സ്ത്രീ പുരുഷ ഭേദമന്യേ സമൂഹം വ്യാപകമായി ലഹരിയുടെ വലയത്തില്‍ അകപ്പെട്ടിട്ടുണ്ട്. കൃത്യമായ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തന പദ്ധതികളും ബോധവല്‍ക്കരണവും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ സംഘടനകളും പൊതുസമൂഹവും ഏറ്റെടുക്കേണ്ടത് നിര്‍ബന്ധമാണ്. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യഷ്യം വഹിച്ചു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ജനുവരിയോടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനും സ്‌കൂള്‍ ഉന്നത കോളേജ്തലം വരെയുള്ള കുട്ടികള്‍ക്ക് ബോധവല്‍ക്കരണം ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ‘ബോധം ക്യാമ്പയിന്‍’ കൂടുതല്‍ ജനകീയമാക്കുന്നതിനും തീരുമാനിച്ചു സയ്യിദ് ഫസല്‍ ജിഫ്രിതങ്ങള്‍, ഉമര്‍ വിളക്കോട്, എ ഹമീദ് ഹാജി, കെ ഇ അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ ജലീല്‍ കെ ടി, അബ്ദുല്‍ ലത്തീഫ് ഇ കെ, എം ഹമീദ് ഹാജി, ഖാദര്‍ മുണ്ടേരി, മജീദ് കോടമ്പുഴ, ഷാനവാസ് ടി, കാളാക്കല്‍ മുഹമ്മദ് അലി, സുബൈര്‍ നെല്ലോളി, മജീദ് ഹാജി വടകര, ബാപ്പു ഹാജി താനൂര്‍, എന്‍ കെ അബ്ദുല്‍ ജലീല്‍, മുഹമ്മദ് അലി വി കെ, എ എം എസ് അലവി, നവാസ് എറണാകുളം എന്നിവര്‍ സംസാരിച്ചു. എം കെ എ ലത്തീഫ് സ്വാഗതവും, ജമാലുദ്ധീന്‍ നന്ദിയും പറഞ്ഞു.

Continue Reading

Trending