ബെംഗളൂരു: ഒന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ 15 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു ഹാരോഹള്ളി പൊലീസാണ് പ്രതിയായ 15കാരനെ പിടികൂടിയത്. പ്രതിയെ പിന്നീട് മഡിവാളയിലെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് അയച്ചു.

സെപ്റ്റംബര്‍ 17ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണിന് മുകളില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ലൈംഗികാതിക്രമം നടന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

ഒരുമിച്ച് കളിക്കാമെന്ന് പറഞ്ഞാണ് 15കാരന്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കളാണ് പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ശ്രദ്ധിച്ചത്. ഉടന്‍തന്നെ കഗാലിപുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വാണി വിലാസ് ആശുപത്രിയിലും ചികിത്സതേടി. ഇവിടെവെച്ച് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയത്.