കൊളംബോ: വാശിയേറിയ പോരാട്ടത്തില്‍ ആതിഥേയരായ ശ്രീലങ്കയെ രണ്ടു വിക്കറ്റിന് വീഴ്ത്തി ബംഗ്ലാദേശ് നിദഹാസ് ട്വന്റി 20 ടൂര്‍ണമെന്റ് ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത് ലങ്ക നേടിയ 159 റണ്‍സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. സമ്മര്‍ദം അതിജീവിച്ചുള്ള മഹ്മൂദുല്ലയുടെ (43 നോട്ടൗട്ട്) അവസരോചിത ഇന്നിങ്‌സിന്റെ കരുത്തിലാണ് ഒരു പന്ത് മാത്രം ശേഷിക്കെ ബംഗ്ലാദേശ് ഇന്ത്യയുമായുള്ള കലാശപ്പോരിന് യോഗ്യത നേടിയത്. നാളെയാണ് ഫൈനല്‍.
നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീഴുമ്പോഴും മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ച കുസാല്‍ പെരേരയും (61) തിസാര പെരേരയും (58) ആണ് ശ്രീലങ്കക്ക് പൊരുതാവുന്ന ടോട്ടല്‍ സമ്മാനിച്ചത്. മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങില്‍ ഓപണര്‍ തമീം ഇഖ്ബാലിന്റെ (50) അര്‍ധ സെഞ്ച്വറിയും മഹ്മൂദുല്ലയുടെയും (43 നോട്ടൗട്ട്) ഇന്നിങ്‌സുകള്‍ ബംഗ്ലാദേശിന് നിര്‍ണായകമായി. നാടകീയ രംഗങ്ങള്‍ നിറഞ്ഞ അവസാന ഓവറിന്റെ അഞ്ചാം പന്ത് സിക്‌സറിനു പറത്തിയാണ് മഹ്്മൂദുല്ല ടീമിനെ വിജയത്തിലെത്തിച്ചത്.
ശ്രീലങ്ക 20-ാം ഓവര്‍ എറിയാനൊരുങ്ങുമ്പോള്‍ ബംഗ്ലാദേശിന് മൂന്നു വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ 12 റണ്‍സ് വേണമായിരുന്നു. ആദ്യ പന്ത് ഷോര്‍ട്ട് ആയി എറിഞ്ഞ ഉദാന ക്രീസിലുണ്ടായിരുന്ന മുസ്തഫിസുര്‍റിനെ ബീറ്റ് ചെയ്തു. ബൗണ്‍സറായെത്തിയ രണ്ടാം പന്തില്‍ മുസ്തഫിസുര്‍ റണ്‍ ഔട്ടായി. രണ്ട് ബൗണ്‍സറുകള്‍ എറിഞ്ഞിട്ടും നോബോള്‍ വിളിക്കാതിരുന്ന അംപയറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ക്യാപ്ടന്‍ ഷാകിബ് അല്‍ ഹസന്‍ കളിക്കാരെ തിരിച്ചുവിളിച്ചു. എന്നാല്‍, ബൗണ്ടറിക്കരിയില്‍ വെച്ച് കോച്ച് ഖാലിദ് മഹ്മൂദ് ബാറ്റ്‌സ്മാന്മാരെ ക്രീസിലേക്കു തന്നെ മടക്കിയച്ചു.
നാല് പന്തില്‍ 12 റണ്‍സ് ആവശ്യമായ ഘട്ടത്തില്‍ മഹ്മൂദുല്ല ബൗണ്ടറി നേടി. നാലാം പന്തില്‍ ശ്രീലങ്കന്‍ ഫീല്‍ഡിങിന്റെ അലസത മുതലെടുത്ത് മഹ്മൂദുല്ല രണ്ട് റണ്‍സ് കൂടി സമ്പാദിച്ചു. രണ്ട് പന്തില്‍ ആറ് റണ്‍സ് ആവശ്യമായ ഘട്ടത്തില്‍ സ്‌ക്വെയര്‍ ലെക്ഷിനു മുകളിലൂടെ സിക്‌സര്‍ നേടി മഹ്മൂദുല്ല ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.