ഇംഗ്ലണ്ട് – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നാളെ ആദ്യ സെഷനില്‍ തന്നെ ഏത് ടീമും ജയിക്കുമെന്നുറപ്പായതോടെ ഇനിയാര് എന്ന ചോദ്യം മാത്രം.

ഒരു ദിവസം ശേഷിക്കെ ഇംഗ്ലണ്ടിനെതിരെ ചരിത്ര ജയത്തിലേക്ക് ബംഗ്ലദേശിന് 33 റണ്‍സ് കൂടി മതി. രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഇംഗ്ലണ്ടിനും ആദ്യ ടെസ്റ്റ് ജയിച്ച് മുന്നിലെത്താം. ഇംഗ്ലണ്ട് വെച്ചു നീട്ടിയ 286 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റ് ചെയ്ത ബംഗ്ലാദേശ് കളിനിര്‍ത്തുമ്പോള്‍ 253/8 എന്ന നിലയിലാണ്.

227/5 എന്ന ശക്തമായ നിലയില്‍ അനായാസ ജയം സ്വപ്‌നം കണ്ട ബംഗ്ലദേശ് തുടരെ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 238/8 എന്ന നിലയിലേക്ക് തകര്‍ന്നതാണ് മത്സരം ആവേശകരമാക്കിയത്. രണ്ട് വിക്കറ്റുകള്‍ വീഴത്തിയ ഇംഗ്ലീഷ് പേസര്‍ ബ്രോഡാണ് മത്സരഗതി തിരിച്ചു വിട്ടത്.

കളി നിര്‍ത്തുമ്പോള്‍ അവസാന സ്‌പെഷലിറ്റ് ബാറ്റ്‌സ്മാനായ സാബിര്‍ റഹ്മാനും (59) ബൗളര്‍ തൈജുല്‍ ഇസ്ലാമുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 15 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇത് വരെ ചേര്‍ത്തത്. നാളെ ഇവര്‍ എത്രത്തോളം പിടിച്ചു നില്‍ക്കുമെന്നതിനെ ആശ്രയിച്ചാണ് നാളത്തെ മത്സരഫലം.