Connect with us

Culture

ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു

Published

on

ഇസ്രാഈല്‍ ഉപരോധത്തില്‍ പൊറുതിമുട്ടുന്ന ഗസ്സക്കാര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിരുന്ന ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ഒമ്പതാം ആര്‍മര്‍ ഡിവിഷന്‍ തലവന്‍ മേജര്‍ ആദില്‍ റഗായ് ആണ് സ്വന്തം വീട്ടിനു മുമ്പില്‍ വെടിയേറ്റു മരിച്ചത്. കെയ്‌റോയ്ക്കടുത്ത് ഒബര്‍ സിറ്റിയില്‍ താമസക്കാരനായിരുന്ന റഗായ് ഡ്യൂട്ടിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. റഗായുടെ തലയില്‍ രണ്ടുതവണ വെടിവെച്ച ശേഷം അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ‘ലിവാ അല്‍ ഥൗറ’ എന്ന സംഘടന ഏറ്റെടുത്തു.

ഗസ്സയുടെ ‘ജീവിത’ തുരങ്കങ്ങള്‍

മൂന്നു ഭാഗവും ഇസ്രാഈലിനാല്‍ ചുറ്റപ്പെട്ട ഗസ്സയിലേക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും നിര്‍മാണ സാമഗ്രികളും ആയുധങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിയിരുന്നത് റഫയിലെ തുരങ്കങ്ങളിലൂടെയാണ്. ഈജിപ്തിലെ റഫ നഗരത്തിലുള്ള കെട്ടിടങ്ങളെയും ഗസ്സയിലെ കെട്ടിടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആയിരക്കണക്കിന് തുരങ്കങ്ങളാണ് ഉള്ളത്. ആളുകള്‍ക്ക് കാല്‍നടയായി മാത്രം സഞ്ചരിക്കാവുന്നതു മുതല്‍ കാര്‍, ട്രക്ക് തുടങ്ങിയവ സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കങ്ങള്‍ വരെയുണ്ട്.

tunnel-02

ഇസ്രാഈല്‍ ഉപരോധവും ആക്രമണവും കാരണം ബുദ്ധിമുട്ടുന്ന ഗസ്സയിലേക്ക് സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണ സാമഗ്രിള്‍, ഡീസല്‍, കൃഷി ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ്, മൃഗങ്ങള്‍, ഭക്ഷണം, വസ്ത്രങ്ങള്‍ തുടങ്ങിയവ എത്തുന്നത് ഈ രഹസ്യ തുരങ്കങ്ങളിലൂടെയാണ്.

ഗസ്സയിലെ ഏക പവര്‍പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നതും കുടിവെള്ളം ശുചീകരിച്ചിരുന്നതും തുരങ്കങ്ങളിലൂടെ എത്തുന്ന ഡീസല്‍ ഉപയോഗിച്ചാണ്. വൈദ്യുതിയും വെള്ളവും നല്‍കുന്നതില്‍ ഇസ്രാഈല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍, ഗസ്സക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നത് ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനങ്ങളാണ്. ഇസ്രാഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ തകരുന്ന കെട്ടിടങ്ങളും റോഡുകളും പുനര്‍നിര്‍മിച്ചതും തുരങ്കങ്ങളിലൂടെ എത്തുന്ന സാമഗ്രികള്‍ ഉപയോഗിച്ചാണ്.

gaza-tunnel

ഇതിനു പുറമെ ജനങ്ങള്‍ക്ക് സഞ്ചരിക്കാനും തുരങ്കങ്ങള്‍ ഉപകാരപ്രദമായി. 2012 വരെ ഇതുവഴി കാറുകള്‍ സഞ്ചരിക്കാറുണ്ടായിരുന്നു. റമസാന്‍ മാസത്തിലാണ് കാര്യമായി ഇതുവഴി മനുഷ്യ സഞ്ചാരം ഉണ്ടാകാറുള്ളത്. സാഹസികത നിറഞ്ഞ ഈ സഞ്ചാരത്തില്‍ പലരും മരണത്തിന് കീഴങ്ങിയിട്ടുണ്ട്. 2010-ല്‍ ഹുസ്‌നി മുബാറക് ഭരണകൂടം വിഷവാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് നാല് ഗസ്സക്കാര്‍ കൊല്ലപ്പെട്ടു. വെള്ളം ഒഴുക്കിവിട്ടും ബോംബ് ഉപയോഗിച്ചും പല തുരങ്കങ്ങളും ഈജിപ്ത് തകര്‍ത്തിട്ടുണ്ട്.

2007-ലെ ഫലസ്തീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതോടെ ഈജിപ്തിലെ ഹുസ്‌നി മുബാറക് ഭരണകൂടം തുരങ്കങ്ങള്‍ തടയുന്നതിനായി ഭൂമിക്കടിയില്‍ മതില്‍ നിര്‍മിച്ചിരുന്നു. 2011-ല്‍ അറബ് വിപ്ലവാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ ഈജിപ്തില്‍ ഭരണമാറ്റം വന്നതോടെ റഫയിലെ അതിര്‍ത്തി തുറന്നു കൊടുത്തു. ഇത് ഗസ്സക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍, ഈജിപ്തില്‍ അട്ടിമറിയിലൂടെ പട്ടാളം അധികാരത്തിലെത്തിയതോടെ ഗസ്സയുടെ ദുരന്തകാലം തുടങ്ങി.

gaza-cartoon

തുരങ്കം തകര്‍ക്കല്‍ പദ്ധതി

ഇസ്രാഈലുമായി സൗഹൃദത്തിലുള്ള അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഭരണകൂടം 2013-ല്‍ ഗസ്സ തുരങ്കങ്ങള്‍ തകര്‍ക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. ഒരു വര്‍ഷം കൊണ്ട് 1659 തുരങ്കങ്ങളാണ് ഈജിപ്ത് തകര്‍ത്തത്. മലിനജലം ഒഴുക്കിവിട്ടും തുരങ്കങ്ങള്‍ തുറക്കുന്ന വീടുകള്‍ തകര്‍ത്തും വീട്ടുടമകളെ ശിക്ഷിച്ചുമായിരുന്നു ഇത്. തുരങ്കങ്ങളിലൂടെ ഡീസല്‍ എത്താത്തതു കാരണം ഗസ്സയിലെ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലക്കുകയും കുടിവെള്ള ശുചീകരണം താറുമാറാവുകയും ചെയ്തു.

2013-ല്‍ തുരങ്കം തകര്‍ക്കാന്‍ നേതൃത്വം നല്‍കിയത് അല്‍ സിസിയുമായി അടുത്ത ബന്ധമുള്ള ആദില്‍ റഗായ് ആയിരുന്നു. അല്‍ സിസി ഭരണം പിടിച്ചെടുത്ത ശേഷം ഈജിപ്തില്‍ നടക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതകമാണിത്.

Culture

27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ബേലാ താറിന്, ടോറി ആന്റ് ലോകിത ഉദ്ഘാടനചിത്രം

ദാര്‍ശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ഇതിഹാസമായി മാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് 27ാമത് ഐ.എഫ്.എഫ്.കെയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും.

Published

on

ദാര്‍ശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ഇതിഹാസമായി മാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് 27ാമത് ഐ.എഫ്.എഫ്.കെയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. മാനുഷിക പ്രശ്നങ്ങളെ ദാര്‍ശനികമായി സമീപിച്ചുകൊണ്ട് സവിശേഷമായ ആഖ്യാനശൈലിയിലൂടെ അവതരിപ്പിക്കുന്ന ബേലാ താറിന്റെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്സ്, വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ഇന്ത്യയില്‍ എത്തുന്ന ബേലാ താറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ബേലാ താറിന്റെ ചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി.എസ്.വെങ്കിടേശ്വരന്‍ എഴുതിയ ‘കാലത്തിന്റെ ഇരുള്‍ഭൂപടങ്ങള്‍’എന്ന പുസ്തകം ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും.

ദാര്‍ദന്‍ ബ്രദേഴ്സ് സംവിധാനം ചെയ്ത ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെല്‍ജിയന്‍ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണ് ഇത്. കഴിഞ്ഞ മെയില്‍ നടന്ന കാന്‍ ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ 75ാം വാര്‍ഷിക പുരസ്‌കാരം നേടുകയും ചെയ്ത ഈ ചിത്രം, ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.

അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. സര്‍റിയലിസ്റ്റ് സിനിമയുടെ ആചാര്യനെന്നറിയപ്പെടുന്ന ചിലിയന്‍-ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്സ്‌കി, കാന്‍മേളയില്‍ രണ്ടുതവണ പാം ദി ഓര്‍ നേടുക എന്ന അപൂര്‍വബഹുമതിക്ക് ഉടമയായ സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്തുറിക്ക, ജര്‍മ്മന്‍ സംവിധായകന്‍ എഫ്.ഡബ്ള്യു മുര്‍നോ എന്നിവരുടെ വിഖ്യാത ചിത്രങ്ങളുടെ പ്രത്യേക പാക്കേജുകള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാവും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് സമകാലിക സെര്‍ബിയന്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റ് ആയ ജോണി ബെസ്റ്റ് ആണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദര്‍ശനത്തിനിടെ തല്‍സമയം പശ്ചാത്തല സംഗീതം പകരുന്നത്.

പുനരുദ്ധരിച്ച ക്ളാസിക് സിനിമകളുടെ വിഭാഗത്തില്‍ ജി.അരവിന്ദന്റെ ‘തമ്പ്’ പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ നവതരംഗത്തിന് തുടക്കം കുറിച്ച ‘സ്വയംവര’ത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷവേളയില്‍ ചിത്രത്തിന്റെ പ്രത്യേകപ്രദര്‍ശനവും മേളയില്‍ ഉണ്ടായിരിക്കും. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ചടങ്ങില്‍ ആദരിക്കും.

ക്യാമറയെ സമരായുധമാക്കി അവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്രപ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഇത്തവണ ഇറാനിയന്‍ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിക്ക് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറില്‍ രണ്ട് എക്സിബിഷനുകള്‍ സംഘടിപ്പിക്കും. മാങ്ങാട് രത്നാകരന്‍ ക്യറേറ്റ് ചെയ്ത പുനലൂര്‍ രാജന്റെ 100 ഫോട്ടോകളുടെ പ്രദര്‍ശനമായ ‘അനര്‍ഘ നിമിഷം’, അനശ്വരനടന്‍ സത്യന്റെ 110ാം ജന്മവാര്‍ഷിക വേളയില്‍ അദ്ദേഹത്തിന്റെ 20 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍നിന്നുള്ള 110 മിഴിവാര്‍ന്ന ചിത്രങ്ങള്‍ ശേഖരിച്ച് ആര്‍.ഗോപാലകൃഷ്ണന്‍ തയാറാക്കിയ ‘സത്യന്‍ സ്മൃതി’ എന്നീ പ്രദര്‍ശനങ്ങളാണ് സംഘടിപ്പിക്കുന്നത്.

മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ്, അരവിന്ദന്‍ സ്മാരക പ്രഭാഷണം തുടങ്ങിയ അനുബന്ധപരിപാടികള്‍ ഉണ്ടായിരിക്കും. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് എല്ലാ ദിവസവും രാത്രി ഒമ്പതുമണിക്ക് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.

Continue Reading

Culture

‘അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ’! ആടുതോമ വീണ്ടും, റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ലോകം എമ്പാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9ന് സിനിമ എത്തും.

Published

on

28 വര്‍ഷം മുന്‍പ് മലയാളത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികം വീണ്ടും തിയേറ്ററില്‍ എത്തുന്നു.ലോകം എമ്പാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9ന് സിനിമ എത്തും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ആടുതോമ എന്ന കഥാപാത്രത്തെയും ചാക്കോ മാഷിനെയും മലയാളികള്‍ എക്കാലവും മനസ്സില്‍ കൊണ്ടു നടന്ന കഥാപാത്രങ്ങള്‍ ആയിരുന്നു. ഈ സിനിമയിലെ പല ഡയലോഗുകളും എക്കാലത്തെയും ഹിറ്റായ ഒന്ന് തന്നെയായിരുന്നു.

മോഹന്‍ലാലിന്റെ കുറിപ്പ്

എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.

ലോകം എമ്പാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4സ അാേീ െഎത്തുന്നു.

ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്…

‘അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ?.’

Continue Reading

Culture

മുസ്ലിംലീഗ് അംഗത്വ ക്യാമ്പയിന്‍: സുല്‍ത്താന്‍ബത്തേരി ,പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, ഏറാമല മുന്നില്‍

ഫീസടക്കം വിവരങ്ങള്‍ അപ്ലോഡ് ചെയ്യാത്ത അംഗത്വ അപേക്ഷകള്‍ പരിഗണിക്കപ്പെടില്ല

Published

on

#ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം

കോഴിക്കോട്:  നവംബര്‍ഒന്നിന് ആരംഭിച്ച മുസ്ലിംലീഗ് അംഗത്വക്യാമ്പയിന്‍ അവസാന ഘട്ടത്തിലേക്ക്. ക്യാമ്പയിന്‍ അവസാനിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രാദേശിക ഘടകങ്ങളെല്ലാം ആവേശത്തോടെയാണ് അംഗത്വ ക്യാമ്പയിനില്‍ സജീവമാകുന്നത്. ജില്ല/മണ്ഡലം/പഞ്ചായത്ത് തലങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നിരീക്ഷകരുടെ മേല്‍നോട്ടത്തിലാണ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. നവംബര്‍ 30ന് ക്യാമ്പയിന്‍ അവസാനിക്കുന്നതോടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിരിക്കണം. മെമ്പര്‍ഷിപ്പ് ചേര്‍ത്തവര്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിലും ഫീസ് അടയ്ക്കുന്നതിലും സമയപരിധി ലംഘിച്ചാല്‍ ആ മെമ്പര്‍ഷിപ്പുകള്‍ പരിഗണിക്കുന്നതല്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം അറിയിച്ചു.
വളരെ ശാസ്ത്രീയമായാണ് ഇത്തവണ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വാര്‍ഡ് തലങ്ങളില്‍ അംഗങ്ങളെ ചേര്‍ത്ത ശേഷം കോര്‍ഡിനേറ്റര്‍മാര്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയും ഫീസടയ്ക്കുകയും ചെയ്യുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്. ഫീസടക്കം അപ്ലോഡ് ചെയ്യാത്ത മെമ്പര്‍ഷിപ്പുകള്‍ ഒരു കാരണവശാലും സ്വീകരിക്കപ്പെടില്ല. ഈ മാസം 30ന് മുമ്പ് തന്നെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കണം. -പി.എം.എ സലാം വ്യക്തമാക്കി. സംസ്ഥാനത്ത് അംഗത്വ ക്യാമ്പയിനുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച ആദ്യവാര്‍ഡ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ആറാം മൈല്‍ ശാഖയാണ്. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്ത് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച ആദ്യ പഞ്ചായത്താണ്. വയനാട്ടിലെ കല്‍പറ്റ മണ്ഡലത്തിലെ വെങ്ങപ്പള്ളി, കോഴിക്കോട് ജില്ലയിലെ വടകര മണ്ഡലത്തിലെ ഏറാമല എന്നീ പഞ്ചായത്തുകളാണ് അംഗത്വ ക്യാമ്പയിന്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ രണ്ടും മൂന്നും പഞ്ചായത്തുകള്‍.

 

 

Continue Reading

Trending