മാഡ്രിഡ്: വിസന്‍ഡെ കാല്‍ഡ്രോണ്‍-കാല്‍പ്പന്ത് പ്രേമികളുടെ പ്രിയപ്പെട്ട മൈതാനം. കൃത്യമായി പറഞ്ഞാല്‍ അത്‌ലറ്റികോ മാഡ്രിഡ് എന്ന ക്ലബിന്റെ ഇത് വരെയുള്ള ആസ്ഥാനം. ഇന്ന് ഈ കളിമുറ്റത്ത് അവസാന പോരാട്ടമാണ്. ചെറിയ മല്‍സരമല്ല-വലുത് തന്നെ. സ്പാനിഷ് കപ്പില്‍ കലാശപ്പോരാട്ടം. ശക്തരായ ബാര്‍സിലോണയും അലാവസും തമ്മില്‍. സീസണില്‍ കപ്പ് ദാരിദ്ര്യത്തില്‍ തലയും താഴ്ത്തി നടപ്പാണ് ബാര്‍സിലോണ. ലാലീഗയില്‍ രണ്ടാം സ്ഥാനവും ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ സ്ഥാനവുമായി ലിയോ മെസിയും നെയ്മറും ലൂയിസ് സുവാരസുമെല്ലാമടങ്ങുന്ന ടീം നാണകേടിന്റെ മുറ്റത്താണ്. കൂടാതെ ക്ലബ് വിടുന്ന ലൂയിസ് എന്‍ട്രികെ എന്ന പരിശീലകന് വിജയകരമായ യാത്രയയപ്പും നല്‍കാനുണ്ട്. ഒരു കപ്പെങ്കിലും സ്വന്തമാക്കി എന്‍ട്രിക്കെക്ക് വിട നല്‍കാനാണ് ടീം ആലോചിക്കുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ ഫൈനല്‍ ബാര്‍സക്ക് വിലപ്പെട്ടതാണ്.

വര്‍ഷങ്ങളായി അത്‌ലറ്റികോ മാഡ്രിഡിന്റെ സ്വന്തം തട്ടകമായി സ്പാനിഷ് ലാലീഗയില്‍ ഉള്‍പ്പെടെ ഉഗ്ര പോരാട്ടങ്ങള്‍ക്ക് വേദിയായ മൈതാനം ഇന്നത്തെ മല്‍സരത്തിന് ശേഷം പൊളിക്കാന്‍ പോവുകയാണ്. അത്‌ലറ്റികോ മാഡ്രിഡ് മ്യൂസിയമായി പിന്നിട് ഈ മൈതാനം മാറും. അതിനാല്‍ തന്നെ അര ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള ഈ മൈതാനത്തിന് ഇന്നത്തെ ഫൈനല്‍ വികാരപരമാണ്.
ഇതേ മൈതാനത്ത് വെച്ചാണ് സിസണിന്റെ തുടക്കത്തില്‍ ബാര്‍സ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. സീസണില്‍ ഇത് വരെയുള്ള ക്ലബിന്റെ വലിയ നേട്ടവും ഇത് തന്നെ.
ഒരു കപ്പ് കൂടി സ്വന്തമാക്കി മുഖം രക്ഷിക്കാന്‍ ഒരേ വേദി ലഭിക്കുമ്പോള്‍ അതുപയോഗപ്പെടുത്താന്‍ തന്റെ ടീമിന് കഴിയുമെന്നാണ് എന്‍ട്രികെ കരുതുന്നത്. രണ്ട് മാസം മുമ്പാണ് അതി നാടകീയമായി താന്‍ ബാര്‍സയുമായി കരാര്‍ പുതുക്കുന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അതിന് ശേഷം പുതിയ പരിശീലകനായുളള ബാര്‍സയുടെ ശ്രമങ്ങള്‍ ഇത് വരെ വിജയം കണ്ടിട്ടില്ല.
എന്‍ട്രികെ തന്റെ അവസാന മല്‍സരം ബാര്‍സക്കായി ഇറങ്ങുമ്പോള്‍ ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ പോലും അദ്ദേഹത്തിന് പൂര്‍ണ സംതൃപ്തി വരില്ല. എന്‍ട്രികെ നോട്ടമിട്ടത് ലാലീഗ കിരീടമായിരുന്നു. അതാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ ജയിക്കാന്‍ കഴിഞ്ഞത് മാത്രമാണ് അദ്ദേഹത്തിന്റെ കാര്യമായ നേട്ടം. അതിന് ശേഷമാണ് ലാലീഗ നഷ്ടമായതും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ യുവന്തസിന് മുന്നില്‍ തകര്‍ന്നതും.