Connect with us

Culture

സ്പാനിഷ് ലീഗ്: മാലഗയോട് ബാഴ്‌സ തോറ്റത് രണ്ട് ഗോളിന്

Published

on

മാലഗ: സ്പാനിഷ് ലീഗില്‍ ദുര്‍ബലരായ മാലഗയോട് തോല്‍വി വഴങ്ങിയത് കിരീടം നിലനിര്‍ത്താനുള്ള ബാര്‍സലോണയുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടിയായി. റയല്‍ മാഡ്രിഡിനെ അത്‌ലറ്റികോ മാഡ്രിഡ് സമനിലയില്‍ തളച്ചതിനു ശേഷം എവേ ഗ്രൗണ്ടിലിറങ്ങിയ ബാര്‍സ എതിരില്ലാത്ത രണ്ടു ഗോളിനാണ് മുട്ടുമടക്കിയത്. തോല്‍വിക്കു പുറമെ സൂപ്പര്‍ താരം നെയ്മര്‍ ചുവപ്പുകാര്‍ഡ് കണ്ടത് ലൂയിസ് എന്റക്വെയുടെ ടീമിന് ആഘാതമായി.
ആദ്യ പകുതിയില്‍ മുന്‍ ബാര്‍സ തരാം സാന്‍ഡ്രോ റമീറസും 90-ാം മിനുട്ടില്‍ ജൊനാതന്‍ മെനന്റസുമാണ് ബാര്‍സോണയുടെ വലയില്‍ പന്തെത്തിച്ചത്. പ്രത്യാക്രമണത്തില്‍ നിന്നുള്ള ഇരുഗോളുകളും സ്പാനിഷ് ചാമ്പ്യന്മാരുടെ പ്രതിരോധത്തിലെ ദൗര്‍ബല്യം തുറന്നു കാട്ടുന്നതായി.
റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ള സ്പാനിഷ് ഡര്‍ബി 1-1 ല്‍ അവസാനിച്ചതോടെ, മലാഗയെ തോല്‍പ്പിച്ചാല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താം എന്ന കണക്കുകൂട്ടലോടെയാണ് ബാര്‍സ ലാ റോസലിദയില്‍ ഇറങ്ങിയത്. 2003-നു ശേഷം അവിടെ തോറ്റിട്ടില്ലെങ്കിലും ആദ്യപാദത്തില്‍ ബാര്‍സയെ നൗകാംപില്‍ സമനിലയില്‍ തളച്ച മാലഗയില്‍ നിന്ന് ശക്തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്നു.
16-ാം മിനുട്ടില്‍ ജോര്‍ദി ആല്‍ബ അന്തരീക്ഷത്തിലൂടെ നല്‍കിയ ലോങ് ബോള്‍ നെഞ്ചില്‍ നിയന്ത്രിച്ച ലൂയിസ് സുവാരസ് ബാര്‍സയെ മുന്നിലെത്തിച്ചെന്ന് കരുതിയെങ്കിലും ഗോള്‍കീപ്പര്‍ കാര്‍ലോസ് കമേനിയുടെ കണക്കുകൂട്ടല്‍ ഗോള്‍ നിഷേധിച്ചു. ഗോള്‍ ഏരിയയില്‍ നിന്ന് പന്ത് അടിച്ചകറ്റുന്നതില്‍ ബാര്‍സ കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍സ്റ്റെയ്ഗന്‍ വരുത്തിയ പിഴവില്‍ നിന്ന് മാലഗക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും 30 വാര അകലെ നിന്ന് ആളൊഴിഞ്ഞ പോസ്റ്റ് ലക്ഷ്യം വെക്കുന്നതില്‍ റേച്ചിയോക്ക് പിഴച്ചത് സന്ദര്‍ശകരുടെ ഭാഗ്യമായി.
ഗോള്‍ കണ്ടെത്താന്‍ വേണ്ടി പ്രതിരോധം മറന്ന് എതിര്‍ഹാഫില്‍ തമ്പടിച്ചതാണ് അര മണിക്കൂര്‍ പിന്നിട്ടയുടനെ ബാര്‍സക്ക് തിരിച്ചടിയായത്. സ്വന്തം ബോക്‌സിനു സമീപത്തു നിന്ന് യുവാന്‍ കാര്‍ലോസ് നീട്ടിനല്‍കിയ പന്ത് ഓഫ്‌സൈഡ് കെണി പൊട്ടിച്ച് ഓടിപ്പിടിച്ചെടുത്ത സാന്‍ഡ്രോ റാമിറസ് ടെര്‍സ്റ്റെയ്ഗന്റെ ഇടതുവശം ചേര്‍ന്ന് നിലംപറ്റെയുള്ള ഷോട്ടിലൂടെ വലകുലുക്കി.
65-ാം മിനുട്ടില്‍ അനാവശ്യമായ ഫൗളില്‍ ഡീഗോ യോറന്റെയെ വീഴ്ത്തിയതിന് നെയ്മര്‍ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പും കണ്ടതോടെ ബാര്‍സ പത്തുപേരായി ചുരുങ്ങി. 27-ാം മിനുട്ടില്‍ എതിര്‍ടീമിന്റെ ഫ്രീകിക്ക് പൊസിഷനു മുന്നിലിരുന്ന് ബൂട്ട് കെട്ടിയതിനാണ് റഫറി ജീസസ് ഗില്‍ ബ്രസീല്‍ താരത്തിന് ആദ്യ മഞ്ഞക്കാര്‍ഡ് കാണിച്ചത്. ലാലിഗയിലെ ആദ്യ ചുവപ്പുകാര്‍ഡ് കണ്ട നെയ്മര്‍ അതൃപ്തി പ്രകടിപ്പിച്ചാണ് മൈതാനം വിട്ടത്.
70-ാം മിനുട്ടില്‍ റഫറിയുടെ കരുണ കൊണ്ടുമാത്രം ബാര്‍സ ഒരു ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. 19-കാരന്‍ പെനാരന്‍ഡ ലോങ്‌ബോള്‍ ചെസ്റ്റ് ചെയ്ത് വലകുലുക്കിയെങ്കിലും ലൈന്‍സ്മാന്‍ ഓഫ്‌സൈഡ് വിളിച്ചു. പാസ് തുടങ്ങുമ്പോള്‍ വെനിസ്വെലന്‍ താരം ഓഫ്‌സൈഡ് പൊസിഷനില്‍ ആയിരുന്നില്ലെന്ന് റീപ്ലേകളില്‍ വ്യക്തമായി. ലൂയിസ് സുവാരസ് ബോക്‌സിന്റെ അതിര്‍ത്തിക്കുള്ളില്‍ ഫൗള്‍ ചെയ്യപ്പെട്ടെങ്കിലും പെനാല്‍ട്ടി അനുവദിക്കാതെ റഫറി ഫ്രീകിക്ക് നല്‍കിയത് ബാര്‍സക്ക് തിരിച്ചടിയായി.
സമനില ഗോള്‍ കണ്ടെത്തുന്നതിനായി ബാര്‍സ എതിര്‍ ഗോള്‍മുഖത്തിനു ചുറ്റും വട്ടമിടുന്നതിനിടെ കളിയുടെ വിധിയെഴുതി മാലഗയുടെ രണ്ടാം ഗോള്‍ വന്നു. സ്വന്തം ഹാഫില്‍ നിന്് തുടങ്ങിയ നീക്കത്തിനൊടുവില്‍ ഗോള്‍കീപ്പര്‍ക്കു തൊട്ടുമുന്നില്‍ വെച്ച് പാബ്ലോ ഫൊര്‍നാല്‍സ് നല്‍കിയ പാസില്‍ നിന്ന് ജോണി മെനാന്റസ് അനായാസം വലകുലുക്കുകയായിരുന്നു.
ബാര്‍സയേക്കാള്‍ ഒരു മത്സരം കുറവ് കളിച്ച റയല്‍ മൂന്ന് പോയിന്റെ ലീഡോടെ (72 പോയിന്റ്) ലീഗില്‍ വ്യക്തമായി ലീഡ് ചെയ്യുകയാണ്. ഈ മാസം 24-ന് സാന്റിയാഗോ ബര്‍ണേബുവില്‍ നടക്കുന്ന എല്‍ ക്ലാസിക്കോ ബാര്‍സ നേടിയാലും മറ്റ് മത്സരങ്ങളില്‍ ജയം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ റയലിന് കിരീടത്തില്‍ മുത്തമിടാം.
ലീഗിലെ മറ്റൊരു മത്സരത്തില്‍ വലന്‍സിയ ഒന്നിനെതിരെ മൂന്നു ഗോളിന് ഗ്രാനഡയെ വീഴ്ത്തി. ഇറ്റാലിയന്‍ താരം സിമോനെ സാസയുടെ ഇരട്ട ഗോളുകളാണ് വലന്‍സിയയുടെ ജയമുറപ്പിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

സ്വകാര്യ സാഹചര്യമല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ല; സുപ്രീംകോടതി

പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം…

Published

on

ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബംഗാള്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ഉന്നയിച്ചത്. താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ വ്യക്തി തടഞ്ഞുവെന്നും ഇതോടൊപ്പം ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.

എന്നാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 സി വകുപ്പിന് കീഴിലുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ദൃശ്യങ്ങളോ, ശൗചാലയം ഉപയോഗിക്കുന്നതോ, ലൈംഗിക പ്രവൃത്തികളോ പകര്‍ത്തുന്നതാണ് കുറ്റകരമാവുകയെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത സാഹചര്യങ്ങളില്‍, സ്ത്രീയുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

Continue Reading

news

പിഎം ഇഡ്രൈവ്: കേരളത്തില്‍ 340 പുതിയ ചാര്‍ജിങ് കേന്ദ്രങ്ങള്‍

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍..

Published

on

തിരുവനന്തപുരം: രാജ്യത്തെ ഇ-വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പിഎം ഇഡ്രൈവ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 340 പുതിയ ഇടങ്ങള്‍ കണ്ടെത്തി കെഎസ്ഇബി. സര്‍ക്കാര്‍ വകുപ്പ്, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നത്.

ഏറ്റവും കൂടുതല്‍ 91 സ്ഥലങ്ങള്‍ ബിഎസ്എന്‍എല്‍ തന്നെയാണ് സന്നദ്ധത പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയും ഐഎസ്ആര്‍ഒയും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപ സബ്സിഡിയായി നല്‍കും. കേരളത്തിന്റെ പ്രോപ്പോസല്‍ അംഗീകരിച്ചാല്‍ 300 കോടി രൂപവരെ ലഭിക്കാനിടയുണ്ട്.

ഇചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വേണ്ട ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പൂര്‍ണ്ണ സബ്സിഡി ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കെഎസ്ഇബിയാണ്. സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലങ്ങളില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തയ്യാറായ കരാറുകാരെ കെഎസ്ഇബി തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ വരുമാനം പങ്കുവയ്ക്കാന്‍ സന്നദ്ധരായ കരാറുകാര്‍ക്ക് മുന്‍ഗണന ലഭിക്കും. അടുത്ത ഘട്ടത്തില്‍ സ്വകാര്യ സ്ഥലങ്ങളും പരിഗണിക്കും.

ഇ ട്രക്കുകള്‍ക്ക് പ്രോത്സാഹനം

സംസ്ഥാനത്ത് ചരക്കുകടത്തിനെ ഇട്രക്കുകളിലേക്കു രൂപാന്തരപ്പെടുത്താന്‍ കെഎസ്ഇബി പ്രത്യേക ഇട്രക്ക് പദ്ധതി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ ആവശ്യാനുസരണം ചാര്‍ജിങ് സ്റ്റേഷനുകള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ഇ ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

Trending