തൃശൂര്‍: ജിഷ്ണു പ്രണോയി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന മഹിജക്കെതിരായ സോഷ്യല്‍ മീഡിയയിലെ സി.പി.എം പ്രവര്‍ത്തകരുടെ അപഹസിക്കലിനെതിരെ പ്രതിഷേധവുമായി കേരളവര്‍മ്മ കോളജ് പ്രഫ. ദീപാ നിശാന്ത്. പൊലിസ് നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴാണ് മഹിജയെ അധിക്ഷേപിക്കുന്ന സി.പി.എം പ്രവര്‍ത്തകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. രണഭൂമി കളനാട് മാങ്ങാട് ഉദുമ എന്ന പേരിലുളള പോസ്റ്റില്‍ മികച്ച നടിക്കുളള അവാര്‍ഡ് മഹിജയ്ക്കാണ് നല്‍കേണ്ടിയിരുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. മഹിജയ്‌ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ദീപാനിശാന്ത് പോസ്റ്റിട്ടിരിക്കുന്നത്. ഒരമ്മയുടെ കണ്ണീരിനെ പരിഹസിക്കുന്ന വിഷജന്തുക്കളാണ് പാര്‍ട്ടിയുടെ ശാപമെന്നാണ് ദീപ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ആദ്യം കരുതിയത് ഇടതുപക്ഷവിരുദ്ധനായ ആരോ ഒരാള്‍ തന്ത്രപൂര്‍വ്വമുണ്ടാക്കിയ ഫേക്ക് പ്രൊഫൈലാണെന്നാണ് എന്നു പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില്‍ സഖാവിന്റെ ചിത്രമടക്കമുള്ള നല്ല ഒറിജിനല്‍ പ്രൊഫൈലില്‍ നിന്ന് തന്നെയാണ് വിമര്‍ശനങ്ങളെന്നും ദീപ ടീച്ചര്‍ പറയുന്നു. ഒരു കമ്യൂനിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം. ഒന്ന് വര്‍ഗശത്രുവിന് നേരെയും രണ്ട് വഴിപിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും എന്ന ഹോചിമിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് ദീപ ടീച്ചര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.