കൊച്ചി: കെ.എം ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി നിയമപരമായി നേരിടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യക്തിപരമായി ഒരു സ്ഥലത്തും വര്‍ഗീയത പ്രചരിപ്പിക്കുകയോ വളര്‍ത്തുകയോ ചെയ്യുന്ന ആളല്ല കെ.എം ഷാജി. അഞ്ചു വര്‍ഷം അദ്ദേഹത്തിന്റെ കൂടെ നിയമസഭയില്‍ ഇരുന്നയാളാണ് താന്‍. സഭയിലും പൊതുപ്രവര്‍ത്തന രംഗത്തും മത നിരപേക്ഷ നിലപാട് ഉയര്‍ത്തി പിടിച്ചയാളാണ് അദ്ദേഹം.

ശക്തമായ മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ നിരവധി ഭീഷണികളും കെ.എം ഷാജിക്കെതിരെ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരാള്‍ ഒരിക്കലും മതസ്പര്‍ധ വളര്‍ത്തുമെന്ന് വിശ്വസിക്കുന്നില്ല. അയോഗ്യതക്ക് കാരണമായി കോടതി കണ്ടെത്തിയ ലഘുലേഖ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയോ മുസ്ലിം ലീഗോ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതല്ല. നേരത്തേ വിവാദമുണ്ടായ സമയത്ത് തന്നെ യു.ഡി.എഫ് ഇക്കാര്യം വ്യക്തമാക്കിയതാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു