മുംബൈ: ഹാസ്യ താരം ഭാരതി സിങ്ങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയ്യയെയും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരേയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തത്. ലഹരി ഇടപാട് കേസില്‍ ഇവരുടെ മുംബൈയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കസ്റ്റഡിയിലായത്.

ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിന്റെ പേരില്‍ ചോദ്യം ചെയ്യുന്നതിനായാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്ന് എന്‍സിബി മേഖലാ ഡയറക്ടര്‍ സമീര്‍ വാംഖഡേ പറഞ്ഞു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി മുംബൈയിലെ മറ്റൊരു കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു ലഹരി വില്‍പനക്കാരനെ എന്‍സിബി പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതി സിങ്ങിന്റെ അന്ധേരിയിലുള്ള വീട്ടില്‍ പരിശോധന നടത്തിയത്.

ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യ പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയാണ് ഭാരതി സിങ്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടര്‍ന്ന് ഹോളിവുഡിലെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് എന്‍സിബി നടത്തിവരുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടികളും.