ഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുക മൂന്ന് ഘട്ടമായി. ഒക്ടോബര്‍ ഒന്നിനാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നീ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചു.

ബിഹാറില്‍ നിലവിലെ നിയമസഭയുെട കാലാവധി നവംബര്‍ 29നാണ് അവസാനിക്കുന്നത്. കോവിഡ് വ്യാപന കാലത്ത് ലോകത്ത് തന്നെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരിക്കും ബിഹാറിലേത്. പുതിയ സാഹചര്യത്തില്‍ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളോടെയായിരിക്കും തെരഞ്ഞെടുപ്പു നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനായി ഏഴു ലക്ഷം ഹാന്‍ഡ് സാനിറ്റൈസര്‍ യൂണിറ്റുകളും 46 ലക്ഷം മാസ്‌കുകളും ആറു ലക്ഷം പിപിഇ കിറ്റും 6.7 ലക്ഷം ഫെയ്‌സ് ഷീല്‍ഡും 23 ലക്ഷം ജോഡി കൈയുറകളും സജ്ജമാക്കും. വോട്ടര്‍മാര്‍ക്കു മാത്രമായി 7.2 കോടി കൈയുറകള്‍ സജ്ജീകരിക്കും.

എണ്‍പതു വയസിനു മുകളിലുള്ളവര്‍ക്കും കോവിഡ് പോസിറ്റിവ് ആയവര്‍ക്കു പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉണ്ടാവും. ഇതിനു പുറമേ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ അവര്‍ക്കു വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കും. തിരക്ക് ഒഴിവാക്കാന്‍ പോളിങ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.