ഹെല്‍മെറ്റ് ജീവന്‍ രക്ഷിക്കുന്നത് ഇരുചക്രവാഹനമോടിക്കുമ്പോള്‍ മാത്രമല്ല ഓഫീസില്‍ ജോലി ചെയ്യുമ്പോഴും  ജീവന്‍ രക്ഷിക്കും എന്നാണ് ബീഹാറിലെ ഒരു സര്‍ക്കാര്‍ ഓഫീസ് തെളിയിക്കുന്നത്. കാഴ്ച്ചക്കാര്‍ക്കത് കൗതുകമാണങ്കിലും ഗതികേട് കൊണ്ടാണ് ജീവനക്കാര്‍ ഹെല്‍മറ്റ് ധരിക്കുന്നത്. ബീഹാറിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ഹെല്‍മറ്റ് വെച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കിഴക്കന്‍ ചമ്പാരണ്‍ ജില്ലയിലെ അരിരാജ് ബ്ലോക്ക് സര്‍ക്കിള്‍ ഓഫീസിലെ ജീവനക്കാരാണ് സുരക്ഷയ്ക്കായി ഹെല്‍മെറ്റ് ജോലി സമയത്ത് ധരിച്ചത്. ഓഫീസിന്റെ മേല്‍ക്കൂരയില്‍ നിന്നും സിമന്റ് പാളികള്‍ തകര്‍ന്നു വീഴുന്നതിനാലാണ് ജീവനക്കാര്‍ ഹെല്‍മറ്റ് ധരിക്കുന്നത്.

ഓഫീസിലെത്തുന്ന സാധാരണക്കാരും ഇത് കാരണം ബുദ്ധിമുട്ടിലാണ്. തലസ്ഥാനമായ പാറ്റ്‌നയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് ഈ ഓഫീസ്. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പോലും ജോലിക്കിടെ ഹെല്‍മെറ്റ് ധരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

കെട്ടിട നിര്‍മ്മാണ വകുപ്പ് ഇതിനകം കെട്ടിടത്തിന്റെ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ക്കായി യാതൊന്നും നടത്തിയിട്ടില്ലെന്ന് ഗ്രാമ പ്രതിനിധി മനോജ് പാസ്വാന്‍ പറഞ്ഞു.
സീലിങ്ങില്‍ നിന്നുള്ള സിമന്റ് പാളി ഇളകി വീണ് ജീവനക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റു. മഴമൂലം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. കെട്ടിടം മൊത്തത്തില്‍ ചോര്‍ച്ചയുണ്ട്. ഓഫീസ് ഉപകരണങ്ങളും രേഖകളും കമ്പ്യൂട്ടറുകളും ഒട്ടും സുരക്ഷിതമല്ലെന്ന് ഓഫീസിലെ ജീവനക്കാരനായ രഞ്ജിത് സിങ്, ബി.ഡി.ഒ പറയുന്നു.

അരിരാജ് ശിവ ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിന്റെ ഇടനാഴിയില്‍ മഴപെയ്താല്‍ നിരവധി തീര്‍ഥാടകര്‍ അഭയം തേടാറുണ്ട്. ഈ വിഷയത്തെക്കുറിച്ച് പല തവണ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയിട്ടുള്ളതായി ബി.ഡി.ഒ. അമിത് കുമാര്‍ പാണ്ഡെ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പേ കെട്ടിട നിര്‍മ്മാണ വകുപ്പ് ഈ കെട്ടിടം അപകടകരമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും എന്നാല്‍ ഓഫീസ് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ഇതുവരെയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.