പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കവെ ബിജെപിക്ക് കനത്ത തിരിച്ചടിയായി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി മുന്നണി വിടുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് എല്‍ജെപി ബിജെപി നേതൃത്വവുമായി ഇടഞ്ഞത്. രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാക് പാസ്വാന്‍ ആണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടിയെ നയിക്കുന്നത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ബിജെപി ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയതിന് പിന്നാലെയാണ് തങ്ങള്‍ക്ക് അവകാശപ്പെട്ട സീറ്റുകള്‍ തന്നില്ലെങ്കില്‍ മുന്നണി വിടുമെന്ന് വ്യക്തമാക്കി ചിരാഗ് പാസ്വാന്‍ രംഗത്തെത്തിയത്.

ബിജെപി, ജെഡിയു, എല്‍ജെപി പാര്‍ട്ടികളാണ് ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ പ്രധാന കക്ഷികള്‍. സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറ ശക്തമാണെന്നും അതിന് അനുസരിച്ച സീറ്റുകള്‍ ലഭിക്കണമെന്നുമാണ് ചിരാഗ് പാസ്വാന്‍ ആവശ്യപ്പെടുന്നത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളിലണ് എല്‍ജെപി മത്സരിച്ചത്. എന്നാല്‍ വെറും രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ഇത്തവണയും 42 സീറ്റുകള്‍ കിട്ടണമെന്ന പിടിവാശിയിലാണ് ചിരാഗ് പാസ്വാന്‍.

ചിരാഗ് പാസ്വാനാണ് ബിഹാറില്‍ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് എല്‍ജെപി ദേശീയ ജനറല്‍ സെക്രട്ടറി ഷാനവാസ് അഹമ്മദ് കൈഫി പറഞ്ഞു. എന്നാല്‍ നീതീഷ് കുമാര്‍ തന്നെയാണ് എന്‍ഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. നിതീഷ് കുമാറുമായുള്ള ഭിന്നതയാണ് ചിരാഗ് പാസ്വാന്‍ വിലപേശല്‍ ശക്തമാക്കാനുള്ള കാരണമെന്നാണ് സൂചന. നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിതീഷ് കുമാര്‍ പരാജയമാണെന്ന് ചിരാഗ് പാസ്വാന്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം എല്‍ജെപി മുന്നണി വിടുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടിലാണ് ജെഡിയു. എന്‍ഡിഎ സഖ്യത്തിലെ ഏത് പാര്‍ട്ടിയും നിതീഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കാന്‍ ബാധ്യസ്ഥരാണെന്ന് ജെഡിയു നേതാവ് കെ.സി ത്യാഗി പറഞ്ഞു.