തിരുവനന്തപുരം: നാളെ ബി.ജെ.പി ഹര്‍ത്താല്‍. വേണുഗോപാല്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍. സമരപ്പന്തലിന് എതിര്‍വശത്ത് നിന്നും ശരീരത്ത് പെട്രോളൊഴിച്ച് തീ കത്തിച്ചശേഷം ശരണം വിളിച്ച്‌കൊണ്ട് സമര പന്തലിലേക്ക് ഓടിക്കയറുകയായിരുന്നു ഇയാളെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പൊലീസും സമരപന്തലിലുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരും ചേര്‍ന്നാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലന്‍ നായരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തില്‍ എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്ന ഇയാള്‍ മരിക്കുകയായിരുന്നു. അതേസമയം, ജീവിതം മടുത്തതുകൊണ്ടാണ് മരിക്കാന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.