കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
രമിത്തിന്റെ കൊലക്കു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. രാവിലെ പത്തു മണിയോടെയാണ് പിണറായി ടൗണിലെ പെട്രോള്‍ ബങ്കിനു സമീപത്തു ബിജെപി പ്രവര്‍ത്തകനായ രമിത്തിനെ കൊലപ്പെടുത്തിയത്. വാഹനത്തിലെത്തിയ അക്രമി സംഘം രമിത്തിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്കും കഴുത്തിനും വെട്ടേറ്റ ഇയാളെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2002ല്‍ സമാനരീതിയില്‍ രമിത്തിന്റെ അച്ഛന്‍ ഉത്തമനെ സിപിഎം പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി വെട്ടികൊലപ്പെടുത്തിയിരുന്നു.
സിപിഎം പാതിരിയോട് ബ്രാഞ്ച് സെക്രട്ടറി കെ.മോഹനന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥക്കു പിന്നാലെയാണ് രമിത്ത് കൊല്ലപ്പെട്ടത്.