ഗോശാലയില്‍ ഭക്ഷണം കിട്ടാതെ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ഗോശാല നടത്തിപ്പുകാരനായ ഹരീഷ് വര്‍മയാണ് അറസ്റ്റിലായത്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 200ലധികം പശുക്കള്‍ ഹരീഷ് വര്‍മയുടെ ഗോശാലയില്‍ ചത്തൊടുങ്ങിയതായാണ് വിവരം.

chattisgarh_cow_death-eps

ഗോസേവ ആയോഗിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഗോശാലയില്‍ പശുക്കള്‍ക്ക് ശരിയായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മുമ്പും ഇത്തരത്തില്‍ ഹരീഷിന്റെ ഗോശാലയില്‍ പശുക്കള്‍ ഭക്ഷണം കിട്ടാതെ ചത്തതായി ഗ്രാമവാസികള്‍ പറഞ്ഞു. പശുക്കളുടെ ശവങ്ങള്‍ പരിസര പ്രദേശങ്ങളില്‍ തള്ളുക പതിവാണെന്നും ഗ്രാമവാസികള്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച മൃഗഡോക്ടര്‍മാരും പശുക്കള്‍ ചത്തത് ഭക്ഷണം ലഭിക്കാത്തതു മൂലമാണെന്ന് സ്ഥിരീകരിച്ചു. അതേസമയം, തൊഴുത്തിന്റെ ഭിത്തി ഇടിഞ്ഞുവീണാണ് പശുക്കള്‍ ചത്തതെന്ന വാദമാണ് ഹരീഷ് വര്‍മ ഉന്നയിക്കുന്നത്.