മുംബൈ: ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്തതിനെതിരെ ബിജെപി നേതാവ് രംഗത്ത്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗ് ആണ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. പൊലീസുകാരനെതിരെ കര്‍ശന നടപടിയെടുക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

എന്തു ധൈര്യത്തിലാണ് ഒരു പുരുഷ പൊലീസ് ഓഫിസര്‍ ഒരു വനിതാ നേതാവിന്റെ വസ്ത്രത്തില്‍ കയറി പിടിച്ചതെന്ന് ചിത്ര ചോദിച്ചു. പൊലീസ് അവരുടെ പരിമിതികള്‍ മനസിലാക്കണം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ്, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കയ്യേറ്റചിത്രം പങ്കുവച്ചുകൊണ്ട് ചിത്ര വാഗ് ട്വീറ്റ് ചെയ്തു.

ചിത്രയുടെ വാക്കുകളെ പ്രശംസിച്ചു മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യജിത് താംബയും രംഗത്തെത്തി. പാര്‍ട്ടി മാറിയെങ്കിലും ചിത്ര ‘സംസ്‌കാരം’ മറന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്‍സിപി നേതാവായിരുന്ന ചിത്ര കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.

ശനിയാഴ്ച ഹത്രസിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രിയങ്കയ്‌ക്കെതിരെ കയ്യേറ്റമുണ്ടായത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് നോയ്ഡ പൊലീസ് ഖേദം പ്രകടിപ്പിച്ചിരുന്നു.