മുംബൈ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു വീടുകള്‍ കയറിയിറങ്ങി പത്ത് രൂപ ശേഖരിക്കുന്ന പ്രചാരണത്തിനു മഹാരാഷ്ട്ര ബിജെപി. ധനശേഖരണം 15ന് തുടങ്ങും. ബൂത്ത് ഘടകങ്ങളുടെ നേതൃത്വത്തിലായിരിക്കും ഓരോ മേഖലയിലെയും പരിപാടി.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് വീടുകള്‍ കയറിയിറങ്ങി രാമക്ഷേത്ര ട്രസ്റ്റിനു സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചത്.

അടുത്ത വര്‍ഷം മുംബൈ കോര്‍പറേഷനിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി മുംബൈയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് പദ്ധതിയെന്നാണ് വിലയിരുത്തല്‍.

അടുത്തിടെ നിയമസഭ കൗണ്‍സില്‍ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയായിരുന്നു ബിജെപി അഭിമുഖീകരിച്ചത്.