കോഴിക്കോട് : സംസ്ഥാനത്തിന്റെ മലയോരമേഖലയിലും ഷിഗെല്ല രോഗബാധ കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 13 വയസ്സുകാരനാണ് രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞദിവസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ കോഴിക്കോടും എറണാകുളത്തും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായി. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ 56 വയസ്സുള്ള രോഗിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് കിണറുകള്‍ ശുചീകരണം അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.