ഹരിയാന: ഹരിയാനയിലെ അദംപൂരില്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ബി.ജെ.പി ഇറക്കിയ ടിക്ടോക് താരം പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായ ടിക് ടോക് താരം സോനാലി ഫോഗാട്ടാണ് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷണോയിയോട് തോറ്റത്. ഹരിയാനയിലെ ബിഷ്‌ണോയി വിഭാഗത്തിന് സ്വാധീനമുള്ള അദംപൂരിലാണ് സോനാലി ജനവിധി തേടിയത്.

സോനാലിക്ക് ലഭിച്ച വോട്ട് വിഹിതത്തിന്റെ ഏകദേശം ഇരട്ടി വോട്ടുകളാണ് കുല്‍ദീപിന് ലഭിച്ചത്. 61324 വോട്ടാണ് ബിഷ്‌ണോയ്ക്ക് ലഭിച്ചിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി ഭജന്‍ലാലിന്റെ ഇളയമകനാണ് കുല്‍ദീപ് ബിഷ്‌ണോയ്. ഭജന്‍ലാലിന്റേയും കുടുംബത്തിന്റേയും ശക്തി കേന്ദ്രമാണ് രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയിലുള്ള അദംപൂര്‍ മണ്ഡലം. 1969 മുതല്‍ ഭജന്‍ലാല്‍ എട്ടുതവണ ഇവിടെ നിന്ന് എംഎല്‍എയായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു മകനും ഇവിടെ നിന്ന് ജയിച്ചിട്ടുമുണ്ട്.

ജെജെപിയുടെ രമേഷ് കുമാറാണ് ഇവിടെ മൂന്നാം സ്ഥാനത്തുള്ളത്. ടിക് ടോക്കില്‍ സജീവമായ സോനാലി മറ്റ് സോഷ്യല്‍മീഡിയകളിലും സജീവമാണ്. ടിക് ടോക്കില്‍ ലക്ഷങ്ങള്‍ പിന്തുടരുന്ന താരമായ സോനാലി രണ്ട് വര്‍ഷം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി അദംപൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സോനാലിയുടെ ടിക് ടോക്ക് ഫോളോവര്‍മാരുടെ എണ്ണം ഇരട്ടിയായിരുന്നു.