കൊല്‍ക്കത്ത: ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീടുകള്‍ കയറി പ്രചാരണം നടത്തുന്നതിനിടെ ബിജെപി പ്രവര്‍ത്തകനെ അജഞാതരായ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പ്രചാരണത്തിനിറങ്ങിയ ഏഴ് പ്രവര്‍ത്തകരെ ഒരുകൂട്ടം ആളുകള്‍ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് പ്രവര്‍ത്തകര്‍ ഗുരുതരപരുക്കുകളുമായി ആശുപത്രിയിലാണ്.

നാദിയ ജില്ലയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ സൈകത് ബവാല്‍ ആണ് ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതിനാല്‍ വലിയ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ബംഗാളില്‍ ബിജെപി തൃണമൂല്‍ സംഘര്‍ഷം കനക്കുകയാണ്. സംസ്ഥാനത്ത് നിലനില്‍ക്കുന്നത് ആക്രമണങ്ങള്‍ നിറഞ്ഞ സാഹചര്യമാണെന്നും മമത സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ആളുകളെ കിട്ടാത്തതിനാല്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ആക്രമിച്ച് സംസ്ഥാനത്ത് പ്രശ്‌നം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നാണ് തൃണമൂലിന്റെ വാദം.