ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയത്തിന്റെ കാരണം വ്യക്തമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കു യു.പി സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട്.

ബ്രാഹ്മണ-ഠാക്കൂര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ശീതസമരമാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമായി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട് സംസ്ഥാന ഘടകം.

മുഖ്യമന്ത്രി ഠാക്കൂര്‍ സമുദായക്കാരനായതിനാല്‍ ബ്രാഹ്മണര്‍ ബി.ജെ.പിയില്‍ നിന്ന് അകലുന്നുവെന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൊരഖ്പുര്‍ മണ്ഡലത്തില്‍ ബ്രാഹ്മണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും ബ്രാഹ്മണ വോട്ടുകള്‍ സമാഹരിക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടതായി വിമര്‍ശനമുണ്ട്.

ഗൊരഖ്പുരില്‍ ഠാക്കൂര്‍ സമുദായക്കാരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന മുഖ്യമന്ത്രി യോഗിയുടെ നിര്‍ദേശം ബി.ജെ.പി കേന്ദ്ര നേതൃത്വം ആദ്യമേ തള്ളിയിരുന്നു. ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെപിക്ക് അനുകൂലമായാല്‍ ഠാക്കൂര്‍ സമുദായക്കാരനായ യോഗി കൂടുതല്‍ കരുത്തനാകുമെന്ന ആശങ്കയില്‍ ബ്രാഹ്മണ സമുദായം വോട്ട് മറിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും തോല്‍വിക്കു കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു.