Culture
ബ്ലാസ്റ്റേഴ്സിന് ജയിക്കാന്‍ മനസില്ല

അഷ്റഫ് തൈവളപ്പ്
കൊച്ചി: ഗോളടിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില കുരുക്കഴിയുന്നില്ല. ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ മുംബൈ സിറ്റി എഫ്.സി ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പൂട്ടി (1-1). തോറ്റിട്ടില്ലെന്നത് മാത്രം ഏക ആശ്വാസം. 77ാം മിനുറ്റ് വരെ മുന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് സീസണിലെ തന്നെ ആദ്യ ഗോള്‍ വഴങ്ങിയത്. 14ാം മിനുറ്റില്‍ ഡച്ച് സ്ട്രൈക്കര്‍ മാര്‍ക്ക് സിഫ്നോസാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ട് തുറന്നത്. 77ാം മിനുറ്റില്‍ ബല്‍വന്ത് സിങിലൂടെ മുംബൈ സിറ്റി ഒപ്പമെത്തി. മൂന്നു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയിന്റുമായി ലീഗ് ടേബിളില്‍ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തായി. ഒമ്പതിന് എഫ്.സി ഗോവക്കെതിരെ ഫറ്റോര്‍ഡയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത അങ്കം. രണ്ടു മഞ്ഞക്കാര്‍ഡുമായി കളിയുടെ അവസാന മിനുറ്റില്‍ കളം വിടേണ്ടി വന്ന സി.കെ വിനീതിന് അടുത്ത മത്സരം നഷ്ടമാവും.
മികച്ച തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. ഈ കളി അവസാനം വരെ തുടരാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ലീഡുയര്‍ത്താനുള്ള പല അവസരങ്ങളും താരങ്ങള്‍ നഷ്ടപ്പെടുത്തി. മധ്യനിരയില്‍ നിന്ന് മികച്ച നീക്കങ്ങള്‍ കണ്ടു, പക്ഷേ ഫിനിഷിങിലെ അഭാവം ആദ്യ ജയത്തിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് നീട്ടി. മറുഭാഗത്ത് മുംബൈയുടെ പോരാട്ടം ചില താരങ്ങളിലൊതുങ്ങി. 56ാം മിനുറ്റില്‍ സാന്റോസിന്റെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങിയത് മുംബൈയുടെ ജയ മോഹങ്ങള്‍ തകര്‍ത്തു.
4-1-4-1 ശൈലിയില്‍ ഇതുവരെ ഫോമിലെത്താത്ത ഇയാന്‍ ഹ്യൂമിനെ സൈഡ് ബെഞ്ചിലിരുത്തിയാണ് ബ്ലാസ്റ്റേഴ്സ് മുംബൈക്കെതിരെ പടയൊരുക്കിയത്. കഴിഞ്ഞ കളികളില്‍ പകരക്കാരനായി തിളങ്ങിയ ഡച്ച് താരം മാര്‍ക്ക് സിഫ്നോസ് ഏക സ്ട്രൈക്കറായി ആദ്യ ഇലവനില്‍ ഇടം കണ്ടു. ഹോള്‍ഡിങ് മിഡ്ഫീല്ഡറുടെ റോളിലായിരുന്നു അരാത്ത ഇസുമി. പരിക്ക് മാറിയെങ്കിലും വെസ് ബ്രൗണിനെ ഇന്നലെയും കളത്തിലിറക്കിയില്ല. മുംബൈ മൂന്ന് മാറ്റങ്ങള്‍ വരുത്തി. റാഫേല്‍ ജോര്‍ദ, മെഹ്റാജുദ്ദീന് വാദു, ദാവീന്ദര്‍ സിങ് എന്നിവര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി. കറേജ് പെക്കൂസണിന്റെ ഗോള്‍ ശ്രമത്തോടെയാണ് കളമുണര്‍ന്നത്. അവസരങ്ങളുടെ പെരുമഴയായിരുന്നു പിന്നീട് ബ്ലാസ്റ്റേഴ്സിന്. അഞ്ചാം മിനുറ്റില്‍ സി.കെ വിനീതെടുത്ത കോര്‍ണര്‍ കിക്കില്‍ രണ്ടു ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്സ് നടത്തി. ലാസിക് പെസിച്ചിന്റെയും ജിങ്കാന്റെയും ശ്രമം ഫലം കണ്ടില്ല. മാര്‍ക്ക് സിഫ്നോസിന്റേതായിരുന്നു അടുത്ത ഊഴം, വീണ്ടും നിരാശ. പന്തില്‍ ബ്ലാസ്റ്റേഴ്സ് സമഗ്രാധിപത്യം പുലര്‍ത്തി. 14ാം മിനുറ്റില്‍ ഗാലറി കാത്തിരുന്ന ഗോളെത്തി. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് പെക്കൂസണിന്റെ പാസ് വലതു വിങില്‍ റിനോ ആന്റോയിലേക്ക്. റിനോ ബോക്സിനെ ലക്ഷ്യമാക്കി അളന്നു മുറിച്ചൊരു പാസ് നല്കി. വലയുടെ വലത് ഭാഗത്ത് നിന്നിരുന്ന മാര്‍ക്ക് സിഫ്നോസിന്റെ വലംകാലന്‍ ഹാഫ് വോളി മുംബൈ ഗോളി അമരീന്ദര്‍ സിങിനെ കീഴടക്കി വലയിലേക്ക് കയറി. കൊച്ചിയിലെ തുടര്‍ച്ചയായ മത്സരങ്ങളിലെ ഗോള്‍ വരള്‍ച്ചക്ക് വിരാമം, ആദ്യമായി ആദ്യ ഇലവനില്‍ കളിക്കാനിറങ്ങിയ ഡച്ച് സ്ട്രൈക്കറുടെ പേരില്‍ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍. കോച്ചും താരങ്ങളും ആ ഗോള്‍ ആഘോഷമാക്കി. ഗാലറിയില്‍ മഞ്ഞപ്പട ആനന്ദ നൃത്തമാടി.
ഒപ്പമെത്താന്‍ മുംബൈ ചില ശ്രമങ്ങള്‍ നടത്തി. അച്ചിലി എമാന ഗോളിലേക്ക്് ചില അവസരങ്ങള്‍ സൃഷ്ടിച്ചു. നീക്കങ്ങളിലെ ഒത്തിണക്കമില്ലായ്മയും ഫിനിഷിങിലെ പാളിച്ചയും മുംബൈക്ക് വിനയായി. 27ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡെടുക്കുമെന്ന് തോന്നിച്ചു. വലത് വിങില്‍ നിന്ന് ജാക്കിചന്ദ് സിങ് കൃത്യമായി പന്ത് ബോക്സിനകത്തുള്ള സി.കെ വിനീതിന് നല്കി. പന്ത് നിയന്ത്രണത്തിലാക്കിയ വിനീത് വല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തെങ്കിലും അമരീന്ദര്‍ സിങ് ഉജ്ജ്വലമായി ഡൈവ് ചെയ്ത് ആ ശ്രമം വിഫലമാക്കി. ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ ലീഡുയര്‍ത്താനുള്ള രണ്ടു ശ്രമങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്സ് പാഴാക്കി. 42ാം മിനുറ്റില്‍ ബെര്‍ബറ്റോവിന്റെ ലോങ്പാസില്‍ നിന്ന് ജാക്കിചന്ദ് നടത്തിയ ശ്രമം വലക്ക് മുകളിലൂടെ പുറത്തായി. മികച്ചൊരു അവസരമായിരുന്നു അത്. പിന്നാലെ കറേജ് പെക്കൂസണും പന്ത് പുറത്തേക്കടിച്ചു മറ്റൊരു അവസരം കൂടി നഷ്ടപ്പെടുത്തി. 45ാം മിനുറ്റില്‍ ബെര്‍ബതോവിന്റെ ഹെഡര്‍ അമരീന്ദര്‍ വലയിലെത്താതെ കാത്തു.
ആദ്യ പകുതിക്കിടെ പരിക്കേറ്റ റിനോ ആന്റോക്ക് പകരം പ്രീതം സിങിനെ ഇറക്കിയാണ് ആതിഥേയര്‍ രണ്ടാം പകുതിക്കിറങ്ങിയത്. അവസരങ്ങള്‍ പിന്നെയും കളഞ്ഞു കുളിച്ചു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. പെക്കൂസണായിരുന്നു ആദ്യം. 55ാം മിനുറ്റില്‍ പോസ്റ്റിന് മുന്നില്‍ നിന്ന് തുറന്നൊരു അവസരം വിനീതും നഷ്ടമാക്കി. മറുഭാഗത്ത് മുംബൈ തിരിച്ചു വരവിനായുള്ള ശ്രമങ്ങള്‍ നടത്തി. നിര്‍ഭാഗ്യം കൊണ്ട മാത്രം അവര്‍ക്ക് ബ്ലാസ്റ്റേഴ്സിനൊപ്പമെത്താനായില്ല. 56ാം മിനുറ്റില്‍ എവര്ട്ടണ് സാന്റോസിന്റെ ഷോട്ട് റച്ചൂബ്കയെ കീഴടക്കി വലയിലേക്ക് നീങ്ങിയെങ്കിലും പോസ്റ്റ് വില്ലനായി. തിരികെ വന്ന പന്ത് റച്ചുബ്ക കയ്യിലൊതുക്കി, മുംബൈക്ക് നിര്‍ഭാഗ്യം, ബ്ലാസ്റ്റേഴ്സിന് ആശ്വാസം. നീക്കങ്ങള്‍ക്ക് വേഗം കുറഞ്ഞു. ബ്ലാസ്റ്റേഴ്സ് ജാക്കിചന്ദിന് പകരം സിയാം ഹാങലിനെയും സിഫ്നോസിന് പകരം ഹ്യൂമിനെയും ഇറക്കി. മുംബൈ ഉണര്‍ന്ന് കളിച്ചു. ഫലമുണ്ടായി. 77ാം മിനുറ്റില്‍ ബല്‍വന്ത് സിങ് റച്ചൂബ്കയുടെയും ബ്ലാസ്റ്റേഴ്സിന്റെയും തുടര്‍ച്ചായ മൂന്നാം ക്ലീന്‍ ഷീറ്റെന്ന മോഹം തകര്‍ത്തു. മൈതാന മധ്യത്ത് നിന്ന് എമാന തുടങ്ങിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. വലതു വിങില്‍ നിന്ന് പാസ് സ്വീകരിച്ച സാന്റോസ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടു പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ പന്ത് വലക്കരികിലെത്തിച്ചു, കാത്തിരുന്ന ബല്‍വന്തിന് ടാപ്പ് ചെയ്യേണ്ട കാര്യമേയുണ്ടായുള്ളു, ഗാലറി നിശബ്ദമായി. രണ്ടു മഞ്ഞ കാര്‍ഡുകള്‍ കണ്ട് വിനീത് പുറത്തായതോടെ പത്തു പേരുമായാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കിയത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന് ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്, ദീപു കരുണാകരന്, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്ചേഴ്സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്ജുന് ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്.അതീഷിനെ ടെക്നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്