ബച്ചൂ മാഹി

നിനക്ക് ഞാനെത്രയാടാ തരാനുള്ളത്?
450.
ആട്ടെ, ഒരു 500 ന്റെ നോട്ടെടുത്ത് നിന്റെ കയ്യിലോട്ട് വെച്ച് തന്നൂന്ന് സങ്കൽപിക്കുക.
സങ്കല്പിച്ചു.
ഇപ്പ നമ്മ തമ്മിലെ കടം വീടിയാ?
ആ, വീടി.
ഇനീപ്പം എങ്ങന്യാ കണക്ക്?
ഞാൻ നിനക്ക് 50 തരണം.
എന്നാലാ 50 ഇങ്ങോട്ട് തന്നേക്ക്. ഞാമ്പോട്ടെ.

ചില രണ്ടാംകിട സിനിമാ കോമഡി പോലെയാണ് കറൻസി നിരോധനത്തിന്റെ ലാഭവും നേട്ടവും പറയുന്ന ഹൈപ്പോതെസിസ് കണക്കുകൾ, അഥവാ ഉടായിപ്പിന്റെ അങ്ങേയറ്റങ്ങൾ. കയ്യീന്ന് 50 പിന്നീം പോവാണ് എന്നറിയാത്ത ആ മണ്ടനെ പോലെയാണ് നോട്ട് നിരോധനം സൗഭാഗ്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്ന ആ അതിനിഷ്കളങ്കർ. (കാര്യം തിരിഞ്ഞിട്ടും വ്യാജം പ്രചരിപ്പിക്കുന്നവരെ വിടാം).

ബച്ചൂ മാഹി
ബച്ചൂ മാഹി

ബാക്കിയാക്കുന്ന യാഥാർത്ഥ്യങ്ങൾ ഇവയാണ്:
ചലനമില്ലാത്ത ഇക്കോണമി, വിശ്വാസ്യത നഷ്ടമായ കറൻസി, അനിശ്ചിതത്വം സ്തംഭിപ്പിക്കുന്ന വിപണി, സമീപഭാവിയിലൊന്നും കരകയറുമെന്ന് ഉറപ്പില്ലാത്ത തരത്തിൽ രാജ്യം എടുത്തെറിയപ്പെടാൻ പോകുന്ന സാമ്പത്തിക മാന്ദ്യം.
കഴിഞ്ഞ ആഗോള മാന്ദ്യ കാലത്ത് പിടിച്ച് നിന്ന അപൂർവ്വം പ്രബല ഇക്കോണമികളിലൊന്ന് ഇന്ത്യയായിരുന്നു. അടിത്തട്ടിലേക്ക് വേരുകൾ ആണ്ടിറങ്ങിയ നമ്മുടെ സമ്പദ്ഘടനയുടെ വൈവിധ്യത തന്നെ ആയിരുന്നു വിദഗ്ദ്ധർ കാരണമായി പറഞ്ഞത്. ആഗോളവിപണിയുടെ ചുവട് പിടിച്ചെത്തുന്ന സാമ്പത്തിക മാന്ദ്യത്തിൽ ഇപ്പോഴും മിഡിൽ ഈസ്റ്റ് ഉൾപ്പെടെ പല രാജ്യങ്ങളും നട്ടം തിരിയുമ്പോഴും ഉലയാതെ നിന്നു, ഇന്ത്യ. അവിടങ്ങളിലെ ഭരണാധികാരികൾ മാന്ദ്യത്തിൽ നിന്ന് കര കയറാൻ മാർഗ്ഗങ്ങൾ തേടി നട്ടപ്പാച്ചിൽ നടത്തുമ്പോൾ, വിധിവൈപരീത്യം ഭരണകർത്താക്കളായി നമുക്ക് മീതെ അടിച്ചേല്പിച്ചവർ അർധരാത്രിയുടെ അത്ഭുതമെന്ന പേരിൽ ഒരു ഗാംബ്ലിംഗിലൂടെ മന:പൂർവം മാന്ദ്യം ചുട്ടെടുക്കുന്നതാണ് സമകാലിക യാഥാർത്ഥ്യം.
അത് മാത്രമല്ല, 1.3 ബില്യൺ ജനതയെ, ആത്മാഭിമാനമുള്ള സ്വതന്ത്ര പൗരർ എന്ന നിലയിൽ നിന്ന്, അവരുടെ സമ്പത്തും സമ്പാദ്യവും മരവിപ്പിച്ച് നിർത്തി, അടിയന്തരാവശ്യങ്ങൾക്കായി ഭരണയന്ത്രത്തിന് മുന്നിൽ യാചിപ്പിച്ച് നിർത്തിക്കൊണ്ട്, പൗരാവകാശമില്ലാത്ത അടിമരാജ്യത്തെ പ്രജകളെന്നോണം പരിവർത്തിപ്പിച്ചിരിക്കയാണ്. എതിർപ്പിന്റെ ഒരു മുദ്രാവാക്യ സ്വരം പോലും ഉയരാത്ത, രക്തരഹിതമായ അധിനിവേശം! ഇപ്പോഴും ഇന്ത്യ ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആണെന്ന് ഇനിയുമെങ്ങനെ വീമ്പ് പറയും നാം?!

കാഷ്ലെസ് എന്നത് കേട്ട്, സങ്കല്ലത്തിലെ ഗോരാഷ്ട്രത്തിൽ കാശ് വേണ്ട, പുല്ലും വൈക്കോലും മതീലോ എന്നാകും ഉദ്ദേശിച്ചത് എന്ന് നിങ്ങൾ ചിന്തിച്ചെങ്കിൽ തെറ്റി. കാർഡ് ഉരച്ച് സാധനം എടുത്ത് പോകുന്ന റീട്ടെയിൽ ഭീമന്മാർ മാത്രം മതിയെന്ന്. അല്ലറ ചില്ലറ കച്ചോടക്കാരും ചെറുകിട സംരംഭകരെയുമൊക്കെ തൂത്ത് കളയുന്ന സ്വച്ഛ ഫാരതം – അതാണ് അദാനി -അംബാനി മോലാളിമാർ ഷെയർ ഇട്ട് പണമിറക്കി ലോകത്തിലെ മുൻനിര PR കമ്പനിയെക്കൊണ്ട് ഇമേജ് ചുട്ടെടുപ്പിച്ച് അരിയിട്ട് വാഴിച്ച ദേഹം നമ്മോട് മൊഴിഞ്ഞ് കൊണ്ടിരിക്കുന്നത്. പൊരിവെയിലിൽ ക്യൂ നിന്ന് കുഴഞ്ഞ് വീണും ജീവിതകാല അധ്വാനം സമ്പാദ്യമാക്കിയത് തൊടാൻ പറ്റാത്ത നിസ്സഹായതയിൽ സ്വയഹത്യ നടത്തിയും ചികിത്സ കിട്ടാതെയും ഇതിനകം മരിച്ച് വീണ നൂറിലേറെ പേർ മാത്രമല്ല, ക്യൂവിൽ. പ്രവചിക്കാൻ മനമിടറുന്നു… കോടതി പോലും ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആകുമ്പോൾ രാജ്യത്തെ കാത്തിരിക്കുന്ന മഹാദുരന്തം ഒഴിവാകാൻ അത്ഭുതങ്ങളിൽ വിശ്വാസമർപ്പിക്കട്ടെ.