കൊച്ചി: കാളിദാസ് നായകനായ പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്നു തുടങ്ങുന്ന ഗാനം ഇതിനകം വന്‍ ഹിറ്റായിട്ടുണ്ട്. ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ പൂമരത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ക്കിടയില്‍ ലഭിക്കുന്നത്. പൂമരത്തിലെ നായകനെ തേടി രക്തം പുരണ്ട ഒരു കത്ത് എത്തിയതാണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയം. കാളിദാസ് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. തന്നോട് പ്രണയം അറിയിക്കുന്നതാണ് കത്തെന്ന് കാളിദാസന്‍ പറയുന്നു. കത്തിന്റെ ഫോട്ടോയും കാളിദാസന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കണ്ണേട്ടാ ലവ് യൂ എന്നായിരുന്നു ചോരയിലെഴുതിയ വാക്കുകള്‍. രാവിലെ ഉണര്‍ന്നതു തന്നെ ഏറെ അസ്വസ്ഥത ജനിപ്പിച്ച ഈ കത്ത് കണ്ടുകൊണ്ടാണെന്നും ഇത്തരം കത്തുക്കള്‍ ഇനി ആരും പരീക്ഷിക്കരുതെന്നും താരം പറയുന്നു. തന്നോട് സ്‌നേഹമുണ്ടെങ്കില്‍ സിനിമ കാണുകയാണ് വേണ്ടതെന്നും കാളിദാസ് പറയുന്നു.

southlive%2f2016-11%2f991b695b-04ad-4a78-b6b2-c875ba7b61b7%2fk

കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ എന്റെ പേര് രക്തം കൊണ്ടെഴുതിയ ഒരു പെണ്‍കുട്ടി. അസ്വസ്ഥതയുണ്ടാക്കുന്ന ഈ കാഴ്ചയിലേക്കാണ് കണ്ണ് തുറന്നത്. ദയവായി ഇത് ചെയ്യരുത്. എന്നെ സന്തോഷിപ്പിക്കാനാണെങ്കില്‍ അതിന് ദയവായി എന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കാണൂ. അത് തന്നെ ധാരാളം. അല്ലാതെ ഇത്തരം കാര്യങ്ങളാണ് ചെയ്യുന്നതെങ്കില്‍ അത് എന്നെ വിഷമിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ഇത് അവസാനിപ്പിക്കൂ…’
-കാളിദാസ് ജയറാം.

ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കോളജുകളില്‍ നിന്ന് ഓഡിഷനിലൂടെ തെരഞ്ഞെടുത്ത അഭിനേതാക്കളാണ് പ്രധാനമായും ക്യാമറക്കു മുന്നിലെത്തുന്നത്. കുഞ്ചാക്കോ ബോബനും മീരാജാസ്മിനും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. ലൈം ലൈറ്റ് സിനിമാസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനുമാണ് ചിത്രം നിര്‍മിക്കുന്നത്.