മുംബൈ: പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ മാനഭംഗപ്പെടുത്തിയെന്ന് ആരോപണമുന്നയിച്ചശേഷം അപ്രത്യക്ഷരായ ഡല്‍ഹി സ്വദേശിയായ മോഡലിനെയും പതിനാറുവയസുകാരിയായ നേപ്പാളി യുവതിയെയും കണ്ടെത്താന്‍ ബോംബെ ഹൈക്കോടതി പുനെ പൊലീസിന് നിര്‍ദേശം നല്‍കി. വേശ്യാവൃത്തി സ്വീകരിക്കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായതായും ഇരുവരും ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ രഞ്ജിത് മോറെ, രേവതി ദേരെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതുകൊണ്ടുതന്നെ അവര്‍ എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ആറുമാസമായി ഇവരെക്കുറിച്ച് വിവരമില്ലെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ അഭിഭാഷകയായ അനൂജ കപൂറാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസുകാര്‍ ഉള്‍പ്പെടെ അധികാരസ്ഥാനങ്ങളില്‍ സ്വാധീനമുള്ളവരും കേസില്‍ പ്രതികളാണെന്നതിനാല്‍ ഇരുവരും കൊല്ലപ്പെട്ടിരിക്കാമെന്നും ഹര്‍ജിക്കാരി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതേസമയം, കേസില്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറുടെ സഹായികളായി കോടതിയില്‍ ഹാജരായതിനെ ഡിവിഷന്‍ ബെഞ്ച് നിശിതമായി വിമര്‍ശിച്ചു. കേസ് അന്വേഷിക്കുന്ന മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനാകട്ടെ, ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരായിരുന്നതുമില്ല. 2016 മാര്‍ച്ചില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇരുപത്തിനാലുകാരിയായ മോഡലിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി രോഹിത് ഭണ്ഡാരി എന്നയാളാണ് തന്നെ പുനെയിലേക്ക് വിളിച്ചുവരുത്തിയതെന്നായിരുന്നു യുവതിയുടെ ആരോപണം. ഇയാളുടെ മോശമായ പെരുമാറ്റം എതിര്‍ത്തതിനെ തുടര്‍ന്ന് സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പരാതി. പുനെയിലെ രോഹിതിന്റെ ഫ്‌ളാറ്റില്‍വച്ചാണ് നേപ്പാള്‍ സ്വദേശിനിയെ പരിചയപ്പെട്ടതെന്നും യുവതി വ്യക്തമാക്കിയിരുന്നു. രണ്ടു വര്‍ഷത്തോളം വിവിധ നഗരങ്ങളില്‍ ഇവര്‍ പീഡനത്തിന് ഇരയായിരുന്നുവത്രെ. പിന്നീട് ഇരുവരും ഡല്‍ഹിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകയായ അനൂജ കപൂറിന്റെ സഹായത്തോടെ ഇരുവരും കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പിന്നീട് ഇതുവരെ ഇവരുടെ യാതൊരു വിവരവുമില്ലെന്നാണ് അഭിഭാഷകയുടെ ഭാഷ്യം.