നഗോട്ര (ജമ്മുകശ്മീര്‍): പോര്‍വിളികളും വെടിയൊച്ചകളും നിലക്കാത്ത ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കനിവിന്റെ മുഖം. പാക് അധീന കശ്മീരില്‍ നിന്ന് അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ ബാലന് സമ്മാനങ്ങള്‍ക്ക് നല്‍കി സുരക്ഷിതമായി തിരിച്ചയച്ച് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന.

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. 11കാരനായ മുഹമ്മദ് അബ്ദുല്ലയാണ് അബദ്ധത്തില്‍ അതിര്‍ത്തി ഭേദിച്ചത്. മനുഷ്യത്വത്തിന്റെ പേരില്‍ കുട്ടിയെ തിരിച്ചയച്ചതായി കേന്ദ്ര പ്രതിരോധ വക്താവ് പറഞ്ഞു.

ഇന്ത്യ-പാക് സംഘര്‍ഷം പുകയുന്ന അതിര്‍ത്തിയിലാണ് മനുഷ്യത്വത്തിന്റെ നിമിഷങ്ങള്‍ അരങ്ങേറിയത്. കുട്ടിക്ക് പുതിയ വസ്ത്രങ്ങളും പെട്ടി നിറയെ മധുരപലഹാരങ്ങളും സൈന്യം സമ്മാനിച്ചു. വയറു നിറച്ചു ഭക്ഷണവും നല്‍കി സൈന്യം ആതിഥേയ മര്യാദകള്‍ പാലിച്ചു. പിന്നീട് പാക് സൈന്യത്തെ വിവരം ധരിപ്പിച്ചശേഷം കുട്ടിയെ ജമ്മുകശ്മീര്‍ പൊലീസിനെ ഏല്‍പ്പിച്ചു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയെ സ്വദേശത്തേക്ക് തിരിച്ചയച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും നിരവധി പേര്‍ രംഗത്തുവന്നു. മുമ്പും സമാനരീതിയില്‍ സംഭവങ്ങളുണ്ടായപ്പോഴും ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയുടെ സമയോചിത ഇടപെടല്‍ ചര്‍ച്ചാവിഷയമായിരുന്നു. 2016ല്‍ ദാഹജലം തേടി അതിര്‍ത്തി കടന്നെത്തിയ ബാലനെ സൈന്യം സുരക്ഷിതമായി തിരിച്ചയച്ചിരുന്നു.