കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പിന്റെ ലൂസേഴ്‌സ് ഫൈനലില്‍ മാലിക്കെതിരെ ബ്രസീലിന് ആശ്വാസ ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ജയം. ലൂസേഴ്‌സ് ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ മാലിയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ടൂര്‍ണ്ണമെന്റില്‍ ബ്രസീലിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പ്ലെമേക്കര്‍ അലനും , യൂറി ആല്‍ബേര്‍ട്ടോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്.

സമനില പിടിക്കാന്‍ മാലി കിണഞ്ഞ് ശ്രമിച്ചെങ്കിലും ബ്രസീല്‍ ഗോളി നിഷ്പ്രഭമാക്കി. ഒടുവില്‍ കളി തീരാന്‍ മിനുറ്റുകള്‍ ശേഷിക്കെ യൂറി ആല്‍ബേട്ടോയിലൂടെ ബ്രസീല്‍ തങ്ങളുടെ വിജയം ഉറപ്പിച്ചു. ബ്രണ്ണറുടെ പാസ് വലയിലേക്ക് തിരിച്ചുവിട്ടാണ് ആല്‍ബേട്ടോയുടെ മനോഹരഗോള്‍.

ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ ഇംഗ്ലണ്ടിനോട് ഒന്നിനെതിരെ മൂന്നുഗോള്‍ക്ക് പരാജയപ്പെട്ടതാണ് ബ്രസീലിന്റെ ഫൈനല്‍ പ്രവേശനം തടഞ്ഞത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ മാലി ബ്രസീന് കടുത്ത വെല്ലുവിളി ഉയര്‍ത്തി. ആദ്യ ഇലവനില്‍ സൂപ്പര്‍ താരങ്ങളായ ലിങ്കണെയും പൗളിഞ്ഞോയെയും അണിനിരത്തിയാണ് ബ്രസീല്‍ പരിശീലകന്‍ ടീമിനെ കളത്തിലറക്കിയത്.