ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ ബ്രിട്ടന് കുരുക്കഴിക്കാനുള്ളത് സങ്കീര്‍ണമായ നൂലാമാലകള്‍. ആറാഴ്ച നീണ്ട ചര്‍ച്ചക്കൊടുവില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ബ്രെക്‌സിറ്റിന് അംഗീകാരം നല്‍കുകയും പ്രധാനമന്ത്രി തെരേസ മേയ് ഔദ്യോഗിക വിജ്ഞാപനത്തില്‍ ഒപ്പുവെക്കുകയും ചെയ്‌തെങ്കിലും ഇനിയുള്ള യാത്ര എങ്ങനെയായിരിക്കുമെന്ന ചോദ്യം ബ്രിട്ടനെ പ്രയാസപ്പെടുത്തുകയാണ്. ബ്രെക്‌സിറ്റുമായി മുന്നോട്ടുപോകുമെന്നും ഇനിയൊരു തിരിഞ്ഞുനോട്ടം ഇല്ലെന്നും മേയ് വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 50 പ്രവര്‍ത്തനക്ഷമമായ വിവരം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനെ അറിയിച്ചുകഴിഞ്ഞു. ഇതിനുള്ള മറുപടി യൂറോപ്യന്‍ യൂണിയന്‍ ഇന്ന് നല്‍കും. ഏപ്രില്‍ 29ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ രൂപപ്പെടുത്തുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ ഭാവി. ഉച്ചകോടിക്ക് ഇനിയും ഒരു മാസം ബാക്കിയുണ്ടെന്നിരിക്കെ ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങാന്‍ ഇനിയും ആഴ്ചകള്‍ കാത്തിരിക്കേണ്ടിവരും. യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടനുള്ള ശതകോടികളുടെ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനെക്കുറിച്ചായിരിക്കും പ്രഥമ ചര്‍ച്ച. ബ്രിട്ടനില്‍ ജീവിക്കുന്ന മുപ്പത് ലക്ഷത്തിലേറെ യൂറോപ്യന്‍ പൗരന്മാരുടെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 10 ലക്ഷത്തിലേറെ ബ്രിട്ടീഷുകാരുടെയും ഭാവി എന്തായിരിക്കം എന്നതും തീരുമാനിക്കേണ്ടിവരും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകുന്നതുകൊണ്ട് വടക്കന്‍ അയര്‍ലന്‍ഡില്‍ സംഘര്‍ഷങ്ങളുണ്ടാകരുതെന്ന് ഇരുപക്ഷവും ആഗ്രഹിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തെ കാലയളവിനിടക്ക് പുതിയ സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കാനും ബ്രിട്ടന്‍ ആഗ്രഹിക്കുന്നു. യൂറോപ്പിന്റെ ഏകീകൃത മാര്‍ക്കറ്റില്‍നിന്ന് പുറത്തുകടക്കാനുള്ള പ്രധാനമന്ത്രി മേയുടെ തീരുമാനം ഏറെ പ്രയാസപ്പെടുത്തുന്നത് ബ്രിട്ടനിലെ ബിസിനസുകാരെയാണ്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബ്രെക്‌സിറ്റ് പ്രതികൂലമായി ബാധിക്കുമെന്ന് അവര്‍ ഭയക്കുന്നു. അതോടൊപ്പം സ്‌കോട്‌ലന്‍ഡില്‍ പുതിയ സ്വാതന്ത്ര്യ ഹിതപരിശോധനക്ക് മുറവിളി ഉയര്‍ന്നതും ബ്രിട്ടീഷ് ഭരണകൂടത്തിന് തലവേദനയായിട്ടുണ്ട്. ബ്രെക്‌സിറ്റിനു മുമ്പ് തന്നെ ഹിതപരിശോധന വേണമെന്നാണ് സ്‌കോട്‌ലന്‍ഡിലെ തീവ്രവാദ ദേശീയവാദി ഭരണകൂടത്തിന്റെ നിലപാട്. യൂറോപ്യന്‍ യൂണിയനിലെ പ്രബല അംഗമായ ബ്രിട്ടന്‍ പുറത്തുപോകുന്നത് യൂറോപ്യന്‍ മേഖലയെ എല്ലാ അര്‍ത്ഥത്തിലും ബാധിക്കും.