ലണ്ടന്‍: ബ്രെക്‌സിറ്റിനെ ചൊല്ലി വിവാദങ്ങള്‍ കത്തിനില്‍ക്കെ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് താല്‍ക്കാലിക ആശ്വാസം. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കകത്ത് ഒരുപറ്റം വിമത എംപിമാര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം മേയ് അതിജീവിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 317 അംഗങ്ങളില്‍ 200 പേര്‍ മേയ്‌യെ അനുകൂലിച്ച് വോട്ടുചെയ്തു. 117 പേര്‍ എതിര്‍ത്തു. ബ്രെക്‌സിറ്റ് കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരണോ വേണ്ടേ എന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റില്‍ നടക്കാനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചതിനുശേഷമാണ് മേയ് സ്വന്തം പാര്‍ട്ടിക്കുള്ളിലെ അവിശ്വാസ പ്രമേയം നേരിട്ടത്.

ഇനി 12 മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന്് അവര്‍ക്ക് വെല്ലുവിളിയൊന്നും ഉണ്ടാകില്ല. സഹപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം തനിക്കെതിരെ വോട്ട് ചെയ്‌തെങ്കിലും അവിശ്വാസം അതിജീവിക്കാന്‍ സാധിച്ചതില്‍ താന്‍ സംതൃപ്തയാണെന്ന് മേയ് പറഞ്ഞു. എന്നാല്‍ 2022ലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി അവിശ്വാസം അതിജീവിച്ചതിനെ ഭീകരമെന്നാണ് വിമത എംപിമാരില്‍ ഒരാള്‍ വിശേഷിപ്പിച്ചത്. ജനവികാരം കണക്കിലെടുത്ത് എത്രയും വേഗം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ പരിശോധനയില്‍ അയവുവരും എന്നതുള്‍പ്പെടെയുള്ള നിബന്ധനകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ മേയ്‌ക്കെതിരെ ഒരുവിഭാഗം രംഗത്തെത്താന്‍ കാരണം. അവിശ്വാസം അതിജീവിച്ച ശേഷം ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായി മേയ് ബ്രസല്‍സിലെത്തി.