ലണ്ടന്‍: മികച്ച വിജയം പ്രതീക്ഷിച്ച് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി തേരേസ മേയ്ക്ക് കടുത്ത ആഘാതം നല്‍കി ബ്രിട്ടീഷ് ജനത. 650 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം വേണ്ട 326 സീറ്റ് തികക്കാന്‍ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായില്ല. മുന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് 12 സീറ്റ് കുറഞ്ഞ് 318 സീറ്റാണ് ടോറികളുടെ സമ്പാദ്യം. വന്‍കുതിപ്പു നടത്തിയ ജറമി കോര്‍ബിയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി 29 സീറ്റുകള്‍ അധികം പിടിച്ചെടുത്ത് 261 സീറ്റു നേടി. എസ്.എന്‍.പി- 35, എല്‍.ഡി – 4, ഡോമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡി.യു.പി) 10, എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുടെ സീറ്റുകള്‍.

തിരിച്ചടി നേരിട്ടെങ്കിലും മേയ് രാജിവെക്കില്ല. ഡി.യു.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നീക്കം. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ഇവര്‍ ഇതിന് എലിസബത് രാജ്ഞിയുടെ അനുമതി തേടി.
അതേസമയം, മേയ് രാജിവെക്കണമെന്ന് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ സേവിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രിയാകാനുള്ള സന്നദ്ധത അറിയിച്ച് കോര്‍ബിന്‍ വ്യക്തമാക്കി. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് മേയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. സ്‌കോട്‌ലാന്‍ഡിലെ പ്രകടനമാണ് വന്‍ദുരന്തത്തില്‍ നിന്ന് മേയെ രക്ഷിച്ചത്. അതേസമയം, എട്ട് മന്ത്രിമാര്‍ തോറ്റത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വലിയ നാണക്കേടായി.
അതിനിടെ, ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര സ്‌കോട്‌ലാന്‍ഡിനായി മുറവിളി കൂട്ടിയ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി നേരിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 56 സീറ്റു നേടി സ്‌കോട്്‌ലാന്‍ഡ് തൂത്തുവാരിയ എസ്.എന്‍.പിക്ക് ഇത്തവണ 34 സീറ്റുമാത്രമേ നേടാനായുള്ളൂ.
ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കാന്‍ തയാറെടുക്കുന്ന ബ്രിട്ടന് ഏറെ നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. യൂറോപ്യന്‍ യൂണിയനുമായി ബ്രെകിസ്റ്റ് ചര്‍ച്ചകള്‍ നടത്താന്‍ ഒരുക്കങ്ങള്‍ തുടരവെയാണ് മേയ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. മികച്ച ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ജനതയുടെ പിന്തുണ കൂടി ഉറപ്പുവരുത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാല്‍ നിലവിലെ ജനവിധി ബ്രക്‌സിറ്റ്് ചര്‍ച്ചകള്‍ക്ക് മേല്‍ ആശങ്ക പടര്‍ത്തും. ജൂണ്‍ 19 മുതലാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ മേയ്ക്ക് പ്രചാരണത്തില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ബ്രക്‌സിറ്റ്, തൊഴിലില്ലായ്മ, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്‍തൂക്കം ലഭിച്ച ആദ്യഘട്ടത്തില്‍ നിന്ന് ഭിന്നമായി മാഞ്ചസ്റ്ററിലെയും ലണ്ടനിലെയും ഭീകരാക്രമണങ്ങളാണ് തെരഞ്ഞെടുപ്പിനെ വഴി തിരിച്ചുവിട്ടത്. ഇതോടെ ദേശസുരക്ഷയായി പ്രചാരണത്തിലെ ചൂടുള്ള വിഷയം. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടീഷ് ജനത വോട്ടു ചെയ്തതിനു പിന്നാലെ ഡേവിഡ് കാമറണ്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്, അപ്രതീക്ഷിതമായി തെരേസ മെയ് പ്രധാനമന്ത്രി പദത്തിലെത്തിയത്.