ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി.എസ് യദിയൂരപ്പ ഇന്ന് 11 മണിയോടെ സഭയില്‍ വിശ്വാസം തേടും. മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും കര്‍ണാടകയിലെ കണക്കിന്റെ കളികള്‍ ബി.എസ് യദ്യൂരപ്പക്ക് ഇപ്പോഴും അനുകൂലമല്ല. 224 അംഗ നിയമസഭയില്‍ മൂന്നുപേരെ കൂറുമാറ്റ നിരോധന നിയമപ്രകാരവും കഴിഞ്ഞ ദിവസം 13 പേരെ വിപ്പ് ലംഘിച്ച പേരിലും സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ സഭയുടെ മൊത്തം അംഗബലം 208 ആയി കുറഞ്ഞിട്ടുണ്ട്. ഇതോടെ കേവല ഭൂരിപക്ഷത്തിനു വേണ്ട മാന്ത്രിക സംഖ്യ 105ലേക്ക് ചുരുങ്ങി.

അതേസമയം നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമില്ലാത്തതിനാല്‍ യദിയൂരപ്പയുടെ നീക്കത്തെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതുവരെ പരസ്യമായി പിന്തുണച്ചിട്ടില്ല. നിയമസഭാ കക്ഷി യോഗം ചേരുകയോ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയോ ചെയ്യാതെയാണ് കഴിഞ്ഞ ദിവസം യദിയൂരപ്പ ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ചത്. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ തല്‍ക്കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും പിന്നീട് തെരഞ്ഞെടുപ്പിനെ നേരിടാനുമായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ ഇതിനു മുതിരാതെ സ്വന്തം റിസ്‌കില്‍ വിശ്വാസം തെളിയിക്കാമെന്ന് കേന്ദ്ര നേതൃത്വത്തിനു നല്‍കിയ ഉറപ്പിന്റെ ബലത്തിലാണ് യദിയൂരപ്പക്ക് മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയത്. അതേസമയം രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന ബി.ജെ.പി നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. അതേസമയം വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത് വിശ്വാസം തെളിയിക്കല്‍ യദിയൂരപ്പക്ക് എളുപ്പമാക്കിയിട്ടുണ്ട്.

നിലവില്‍ ബി.ജെ.പിക്ക് 105 അംഗങ്ങളാണ് സഭയിലുള്ളത്. ഒരു സ്വതന്ത്രനും യദിയൂരപ്പയെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ വിശ്വാസം തെളിയിക്കാന്‍ കഴിയുമെന്ന ആത്മിവശ്വാസത്തിലാണ് അദ്ദേഹം സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങിയത്. എന്നാല്‍ സ്വന്തം എംഎല്‍എമാര്‍ കൂറു മാറുമോ എന്ന ഭയവും ബിജെപിയുടെ ഭാഗത്തുണ്ട്. ഇത് കൂടി മറികടന്നാല്‍ മാത്രമേ യദിയൂരപ്പക്ക് നിയമസഭയില്‍ വിശ്വാസം തെളിയിക്കാനാവൂ. അല്ലാത്തപക്ഷം നാണക്കേട് ഏറ്റുവാങ്ങി വീണ്ടും രാജിവെക്കേണ്ടി വരും. രാഷ്ട്രീയ കുതിരക്കച്ചവടം വഴി കൂടുതല്‍ എം.എല്‍.എമാരെ വിലക്കു വാ ങ്ങുക മാത്രമാണ് ഇതിനെ മറികട ക്കാന്‍ യദ്യൂരപ്പ ക്കു മുന്നിലുള്ള പോംവഴി. 2018ല്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തെ മറികടന്ന് സര്‍ക്കാറുണ്ടാ ക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പ് രാജിവെക്കുകയും ചെയ്ത അതേ ദുര്‍ഗതി തന്നെയാണ് ഇ പ്പോഴും യദ്യൂരപ്പയെ പിന്തുടരുന്ന ത്.