സി.ബി മുഹമ്മദലി
നീതിനിര്‍വഹണത്തിന്റെയും നിയമപാലനത്തിന്റെയും അഭിമാന പാരമ്പര്യമുള്ള കേരള പൊലീസ് സേനയെ ചുവപ്പുവത്കരിച്ച് സാംസ്‌കാരിക കേരളത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. പൊലീസിനെ ആജ്ഞാവര്‍ത്തികളാക്കി സി.പി.എം നടത്തുന്ന അപകടകരമായ കളി സംസ്ഥാനത്തെ എവിടെ ചെന്നെത്തിക്കുമെന്ന ആശങ്കയിലാണ് കേരള ജനത. പൊലീസിന്റെ കാക്കിക്കുപ്പായം ചുവപ്പിക്കാനുള്ള നീക്കവും പൊലീസ് അസോസിയേഷനെ പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള നീക്കവും ഭീതിയോടെയാണ് ജനം നോക്കിക്കാണുന്നത്. ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്ക്‌പോലും തന്റെ വകുപ്പിന് പറ്റിയ പാളിച്ചകളും വീഴ്ചകളും തുറന്നു സമ്മതിക്കേണ്ട ഗതികേടിലാണിപ്പോള്‍. ഇത് നാണക്കേട് അല്ലെങ്കില്‍ മറ്റെന്താണ്.
പൊലീസ് സേനയില്‍നിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടാകുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റസമ്മതം. കുറ്റസമ്മതം നടത്തിയിരിക്കുന്നത് പൊലീസിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് മന്ത്രികൂടിയാണെന്നോര്‍ക്കണം. സ്വന്തം വകുപ്പിന് വലിയ വീഴ്ച പറ്റിയിട്ടുണ്ടെന്ന കുമ്പസാരം അദ്ദേഹത്തെ ഈ പണിക്ക് കൊള്ളില്ല എന്ന് തുറന്നു സമ്മതിക്കലാണ്. എന്ത് സംഭവിച്ചാലും ‘സംഭവിക്കാന്‍ പാടില്ലാത്തതാണ’് എന്ന് പറയുകയും ഒരു മുഖ്യമന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്തത് പറയുകയും ചെയ്യുന്ന പിണറായി വിജയന്‍ സാംസ്‌കാരിക കേരളത്തിന്റെ മുഖ്യമന്ത്രിയായത് ലജ്ജാവഹമാണ്. സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്ന ശബരിമല യുവതി പ്രവേശന വിഷയത്തിലും നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ച വിഷയത്തിലും സ്വന്തം വകുപ്പിന് തെറ്റ് പറ്റിയെന്നാണ് മുഖ്യമന്ത്രി ഏറ്റുപറയുന്നത്. ഉന്നത പൊലീസ് മേധാവികളുടെയും ഉദ്യോഗസ്ഥന്‍മാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ആത്മവിമര്‍ശനം. ശബരിമലയില്‍ യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടുകളും നീക്കങ്ങളും ആര്‍.എസ്.എസുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്തത് പൊലീസ് തന്നെയാണെന്ന് മുഖ്യമന്ത്രി തുറന്നുപറയുമ്പോള്‍ വീഴ്ച സ്വയം ഏറ്റെടുക്കുകയാണ.് മനീതി സംഘം ശബരിമലയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പൊലീസ് സേനയിലെ ചിലര്‍ പെരുമാറിയതെന്ന് മുഖ്യമന്ത്രി പറയുന്നു. നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ചും മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം സ്വന്തം വകുപ്പിന് നാണക്കേടുണ്ടാക്കുന്നത് തന്നെയാണ്. പൊലീസിലെ ചിലര്‍ പ്രതികളെയും കസ്റ്റഡിയിലെടുക്കുന്നവരെയും മര്‍ദ്ദിക്കുക എന്നത് ശീലമാക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ പൊലീസ് വീഴ്ച തുറന്നു സമ്മതിക്കുക തന്നെയാണ് ഒരര്‍ത്ഥത്തില്‍ മുഖ്യമന്ത്രി. സ്വന്തം ഭരണത്തില്‍ സ്വന്തം വകുപ്പിനെ നിയന്ത്രിക്കാന്‍പോലും മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെങ്കില്‍ ആ വകുപ്പ് കയ്യാളാന്‍ യോഗ്യതയുണ്ടോ എന്ന ചോദ്യം സാധാരണക്കാരന് പോലും ഉണ്ടാകാം. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായി നില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ സ്വയം വിമര്‍ശനം. സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസിന് ഗുരുതര വീഴ്ച പറ്റുന്നുവെന്ന് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിതന്നെ കുറ്റസമ്മതം നടത്തുമ്പോള്‍ ഈ പൊലീസ് സേനയില്‍ ജനങ്ങള്‍ക്ക് എങ്ങനെ വിശ്വാസമുണ്ടാകും. ഇതിന് മറുപടി നല്‍കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെയാണ്.
സംസ്ഥാനത്ത് മുമ്പ് ഇങ്ങനെയൊരു കുറ്റസമ്മതം കേള്‍ക്കേണ്ടിവന്നിട്ടില്ല. കേരളത്തില്‍ കുറെ മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരും ഭരണചക്രം കയ്യാളിയിട്ടുണ്ട്. എന്നാല്‍ പരാജയം ഏറ്റുപറഞ്ഞ് കേരളത്തിന് നാണക്കേടുണ്ടാക്കി താന്‍ കഴിവില്ലാത്ത ആഭ്യന്തര മന്ത്രിയാണെന്ന് സ്വയം തെളിയിച്ചിരിക്കയാണ് പിണറായി വിജയന്‍. ശബരിമല പ്രശ്‌നം വഷളാക്കിയത് പിണറായി വിജയന്റെ വാശി മാത്രമാണെന്ന് പിന്നീട് സി.പി.എം സംസ്ഥാന കമ്മിറ്റിക്കുപോലും വിലയിരുത്തേണ്ടിവന്നു. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും ഇത്തരം ഗതികേടും നാണക്കേടും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയായാല്‍ സ്ഥാനത്തിന്റെ മഹത്വം നിലനിര്‍ത്തണം. സി.പി.എമ്മിന്റെ മുഖ്യമന്ത്രി അല്ല, കേരള ജനതയുടെ മുഖ്യമന്ത്രിയാണ്. മുന്‍ മുഖ്യമന്ത്രിമാരെല്ലാം അത് നിലനിര്‍ത്തിയപ്പോള്‍ പിണറായി പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് മുഖ്യമന്ത്രി സ്ഥാനം കയ്യാളിയത്. പത്രപ്രവര്‍ത്തകരോട് കടക്ക് പുറത്ത്, മാറിനില്‍ക്ക് അങ്ങോട്ട് തുടങ്ങിയ മോശമായി പെരുമാറുക, മുഖ്യമന്ത്രിക്ക് യോജിക്കാത്തവിധം പ്രതിപക്ഷത്തെ പരിഹസിക്കുകയും മോശമായ വാക്കുപയോഗിച്ച് പ്രകോപിപ്പിക്കുകയും ചെയ്യുക ഇതൊന്നും മുമ്പ് ഒരു മുഖ്യമന്ത്രിയും ചെയ്യാത്തതാണ്. അഹങ്കാരവും അഹന്തയും ധാര്‍ഷ്ട്യവും സ്വേച്ഛാധിപത്യവും തന്നിഷ്ടവും ഒരു മുഖ്യമന്ത്രിക്കും യോജിച്ചതല്ല. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന പരിപാടിയില്‍ തൊണ്ണൂറ് ശതമാനം പണി പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ യു.ഡി.എഫ് സര്‍ക്കാറിനെ നിശിതമായി വിമര്‍ശിക്കുകയും പരീക്ഷണ പറക്കലിനെ പരിഹസിച്ചതും ഉമ്മന്‍ചാണ്ടിയെ മോശമായി ചിത്രീകരിച്ചുകൊണ്ടു പ്രസംഗിച്ചതും സദസ്സില്‍ ഏറെ അതൃപ്തിയുണ്ടാക്കി, ഇതവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.
കേരളത്തില്‍ എന്ത് സംഭവമുണ്ടായാലും മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവ് പ്രഖ്യാപനം ഉണ്ട്- സംഭവിക്കാന്‍ പാടില്ലാത്തത്. കര്‍ശന നടപടിയുണ്ടാവും. ഒറ്റപ്പെട്ട സംഭവം. നിയമസഭക്കകത്തും പുറത്തും ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. കൂടെക്കൂടെ സംഭവിക്കുന്നതിനെയാണ് സംഭവിക്കാന്‍ പാടില്ലാത്തത് എന്ന് പറയുന്നത്. ഒരു നടപടിയും സ്വീകരിക്കാതെ അന്വേഷണം അട്ടിമറിക്കുന്നതിനെയാണ് കര്‍ശന നടപടി എന്ന് പറയുന്നത്. നിരന്തരം സംഭവിക്കുന്നതിനെയാണ് ഒറ്റപ്പെട്ട സംഭവം എന്ന് വിശേഷിപ്പിക്കുന്നത്. നിയമസഭയില്‍തന്നെ എത്ര തവണ കര്‍ശന നടപടി ഉണ്ടാകുമെന്ന് പിണറായി പറഞ്ഞു. ഏത് കാര്യത്തിലാണ് കര്‍ശന നടപടി ഉണ്ടായത്?
ഭൂമി-കായല്‍ കയ്യേറ്റത്തിനും തട്ടിപ്പിനും വെട്ടിപ്പിനും ഇടതുപക്ഷക്കാരായ തോമസ് ചാണ്ടി എം.എല്‍.എ, മുന്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജ്, പി.വി അന്‍വര്‍ എം.എല്‍.എ തുടങ്ങിയവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു. ഉരുട്ടിക്കൊലയിലും യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് പ്രശ്‌നത്തിലും ആന്തൂര്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതല്ലാതെ എന്ത് കര്‍ശന നടപടിയാണ് സ്വീകരിച്ചത്? പ്രതികള്‍ ഇടതുപക്ഷക്കാരല്ലെങ്കില്‍ നടപടി കര്‍ശനമാക്കുമെന്നാണോ മുഖ്യന്റെ ഈ വാക്കുകൊണ്ട് മനസ്സിലാക്കേണ്ടത്. ഭരണമുണ്ടെങ്കില്‍ എന്തുമാകാമെന്ന അഹന്ത അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. ഉല്‍ബുദ്ധരായ കേരള ജനത എല്ലാം തിരിച്ചറിയുന്നുണ്ട്. അതാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെട്ടത്.