ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിന്റെ സുരക്ഷ ബി.എസ് യെദിയൂരപ്പയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം പിന്‍വലിച്ചു. എം.എല്‍.എമാര്‍ താമസിക്കുന്ന ബിതടയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിന്റെ സുരക്ഷയാണ് പിന്‍വലിച്ചത്. കൂടാതെ അധികാരമേറ്റ ഉടന്‍ ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരേയും മാറ്റിയിരുന്നു. കുതിരക്കച്ചവടത്തിന് കളമൊരുക്കാനാണ് എം.എല്‍.എമാരുടെ സുരക്ഷ പിന്‍വലിച്ചതെന്ന് ആരോപണമുണ്ട്.

രാഷ്ട്രീയ അന്തര്‍ നാടകങ്ങളിലൂടെ ഇന്ന് രാവിലെയാണ് ബി.എസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഇന്ന് പുലര്‍ച്ചെ വരെ നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ തടയാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞത്. നാളെ രാവിലെ കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. ഭൂരിപക്ഷം തെളിയിക്കാനാവാശ്യമായ എം.എല്‍.എമാര്‍ ഒപ്പിട്ട സ്റ്റേറ്റ്‌മെന്റ് ഹാജരാക്കാന്‍ കോടതി യെദിയൂരപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്.