മുക്കം: വിരണ്ടോടിയ പോത്തിന്റെ പരാക്രമം മുക്കത്തും പരിസര പ്രദേശങ്ങളിലും ഏറെ നേരം ഭീതി പരത്തി. ഏറെ ശ്രമിച്ചിട്ടും പിടികിട്ടാതായ പോത്തിനെ അവസാനം വെടിവെച്ചു കൊന്നു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ പകല്‍ 12 മണിയോടെ മുക്കത്തിന് സമീപം മുരിങ്ങം പുറായി ലാണ് നാട്ടുകാര്‍ വിരണ്ടോടുന്ന പോത്തിനെ കണ്ടത്. മൂന്നു കിലോമീറ്റര്‍ അകലെ കറുത്ത പറമ്പില്‍നിന്ന് കാണാതായതായിരുന്നുവെന്ന് പറയപ്പെടുന്നു.

മൂന്ന് മണിയോടെ നാലു കിലോമീറ്റര്‍ അകലെ തെച്ച്യാട്ട് വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. പോത്തിന്റെ ആക്രമണത്തില്‍ സംഭവം ചിത്രീകരിച്ച സി ടി വി ക്യാമറാമാന്‍ റഫീഖ് തോട്ടുമുക്കം ഉള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ശിവ വിഷ്ണു (10), സൂര്യ (10) ,അബ്ദുറഹിമാന്‍ (42) ,ഫാത്തിമ സുഹറ (43) എന്നിവര്‍ ഇ എം എസ് ആശുപത്രിയിലും അബ്ദുറഹിമാന്‍ (47) ,സുമേഷ് (30) എന്നിവര്‍ കെ എം സി ടി മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.

എസ്‌ഐ അബ്ദുറഹിമാന്‍, അഡീഷണല്‍ എസ് ഐ സലിം ,ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറെ നേരം ശ്രമിച്ചിട്ടും പിടികിട്ടാതായതോടെയാണ് വെടിവെച്ചത്.