തിരുവനന്തപുരം: ബന്ധു നിയമനത്തിലൂടെ സമസ്ത മേഖലയിലും അഴിമതി വ്യാപിപ്പിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്.
ക്രമ വിരുദ്ധമായി നിയമനം നടത്തിയ മന്ത്രി ഇ.പി ജയരാജന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയരാജനെ മന്ത്രി സ്ഥാനത്ത് സംരക്ഷിച്ചു നിര്‍ത്തുന്ന മുഖ്യമന്ത്രി അറിഞ്ഞാണ് എല്ലാ ആശ്രിത നിയമനവും നടന്നിട്ടുള്ളത്. ഹൈക്കോടതിയില്‍ ഒരു വശത്ത് മാധ്യമവിലക്കും സര്‍ക്കാര്‍ അഭിഭാഷകരായി മുഖ്യമന്ത്രി മുതലുള്ളവരുടെ ആശ്രിതരെ നിയമിക്കുകയും ചെയ്യുകയാണ്. ഇതുവഴി സര്‍ക്കാരിന് കോടതിയില്‍ ഒത്തുകളിക്കുന്നതിന് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് ചെയ്യുന്നത്.
അര്‍ഹതയുള്ളവരെ തഴഞ്ഞു അഴിമതി നിയമനങ്ങള്‍ നടക്കുമ്പോള്‍, ഡി.വൈ.എഫ്.ഐ അടിമകള്‍ക്കു തുല്യമായ മൗനമാണ് അവലംബിക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു മുന്നില്‍ 14ന് യൂത്ത് കോണ്‍ഗ്രസ് ഉപരോധസമരം സംഘടിപ്പിക്കുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു.
പ്രവര്‍ത്തകര്‍ ഇ.പി ജയരാജന്റെ കോലം കത്തിച്ചു. പ്രകടനത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഭാരവാഹികളായ ഷിബു വര്‍ക്കല, ജി.ലീന, എന്‍.എസ് നുസൂര്‍, എം.പ്രസാദ്, പ്രതീഷ് കുമാര്‍, രാജേഷ് ചന്ദ്രദാസ്, പ്രേം രാജ് എന്നിവര്‍ നേതൃത്വം നല്‍കി.