കാഠ്മണ്ഡു: നേപ്പാളില്‍ നിയന്ത്രണം വിട്ട് ബസ് പുഴയിലേക്ക് മറിഞ്ഞ് 31 പേര്‍ മരിച്ചു. മരിച്ചവരില്‍ ഇന്ത്യയില്‍ നിന്നുള്ള യുവതിയുമുണ്ട്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ത്രീശൂലി നദിയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ത്യക്കാരിയായ മമത ദേവി താക്കൂര്‍ ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
കാഠ്മണ്ഡുവില്‍ നിന്നു 70 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. 31 പേര്‍ അപകടത്തില്‍ മരിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുഴയില്‍ മുങ്ങി താഴ്ന്ന 16 പേരെ രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചു. മരിച്ചവരില്‍ 28ല പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്.
പരിക്കേറ്റവരെ കാഠ്മണ്ഡുവിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നിലഗുരുതരമാണ്. അമിതവേഗതയില്‍ പോയ ബസ് നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിയുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ബസില്‍ 52 യാത്രക്കാരുണ്ടായിരുന്നു.