ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പൗരത്വഭേദഗതി നിയമത്തിന്റെ നടപടിക്രമങ്ങള്‍ ജനുവരി മുതല്‍ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്‍പിആര്‍ ചോദ്യാവലികള്‍ തയ്യാറാണെന്നും ജനുവരി മുതല്‍ പൗരത്വനിയമത്തിന്റെ നടപടിക്രമങ്ങള്‍ തുടങ്ങുമെന്നും നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ ഇന്ന് രംഗത്ത് വന്നു.

‘വരുന്ന ജനുവരി മുതല്‍ അഭയാര്‍ത്ഥികള്‍ക്ക് സിഎഎയുടെ കീഴില്‍ പൗരത്വം നല്‍കിത്തുടങ്ങാമെന്നാണ് കരുതുന്നത്. സമീപ രാജ്യങ്ങളില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുക എന്ന സത്യസന്ധമായ ഉദ്ദേശ്യം വെച്ചിട്ടാണ് കേന്ദ്രം പൗരത്വ നിയമഭേദഗതി നടപ്പിലാക്കിയത്.”- വിജയവര്‍ഗിയ പറഞ്ഞു.

അതേസമയം, ബംഗാള്‍ ജനതയെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കിം പറഞ്ഞു. കോവിഡ് ഭീതി ഒഴിയുന്നതോടെ പൗരത്വനിയമം നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് നവംബറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.