X

സി.എ.ജി റിപ്പോര്‍ട്ട് പറയുന്നത് – എഡിറ്റോറിയല്‍

ഇന്ധനത്തിനു രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തിയും നികുതി നിരക്കു കുത്തനെ വര്‍ധിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിന്റെ പിടിപ്പുകേടിനെ തുറന്നുകാട്ടുന്നതാണ് കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്തുവെച്ച കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. വിവിധ വകുപ്പുകള്‍ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ളത് 21 797.86 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 7100.32 കോടി രൂപ അഞ്ച് വര്‍ഷത്തോളമായി കുടിശികയായിക്കിടക്കുന്ന തുകയാണെന്നും 2020-21 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനം കടക്കെണിയിലാണെന്നും ക്ഷേമ പെന്‍ഷനുകളുള്‍പ്പെടെ മുടങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് സെസും നികുതി വര്‍ധനവും അനിവാര്യമായി വന്നതെന്നും സര്‍ക്കാര്‍ പറയുമ്പോഴാണ് ഇന്ധന സെസിലൂടെ ലക്ഷ്യമിടുന്ന 750 കോടിയുടെ 30 ഇരട്ടിതുക കുടിശ്ശികയായിക്കിടക്കുന്നത്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 22 ശതമാനം വരുന്ന ഈ പണം കുടിശികയായതിനു പിന്നില്‍ സാമ്പത്തിക രംഗത്തെ സര്‍ക്കാറിന്റെ മിസ് മാനേജ്‌മെന്റ് തന്നെയാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചക്കുള്ള കാരണം നികുതി പിരിവിലെയും വരുമാനങ്ങള്‍ കണ്ടെത്തുന്നതിലെയും പരാജയമാണെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള യഥാര്‍ത്ഥവഴി ജനങ്ങളുടെ പോക്കറ്റില്‍ കൈയ്യിടലല്ലെന്നും പകരം നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിലും വരുമാനം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ തയാറാക്കലും ശ്രദ്ധകേന്ദ്രീകരിക്കലാണെന്ന് പ്രതിപക്ഷം നിലപാടെടുത്തിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ നിര്‍ദേശങ്ങളെല്ലാം തള്ളിയ സര്‍ക്കാര്‍ നികുതി നിരക്കുകളുടെ വര്‍ധനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ പൂര്‍ണമായും ശരിവെച്ചിരിക്കുകയാണ് സി.എ.ജി റിപ്പോര്‍ട്ട്.

കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം സാധാരണക്കാരുടെ മേല്‍ വീണ്ടും വീണ്ടും നികുതി ഏര്‍പ്പെടുത്തുകയെന്ന എളുപ്പവഴിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സി.എ.ജി റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു. ആകെ കുടിശ്ശികയില്‍ 6422 കോടി രൂപയും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിന്നുമാണ് ലഭിക്കാനുള്ളത്. അതേപോലെ ബാര്‍ ഹോട്ടലുകള്‍ക്ക് ചുമത്തിയ പിഴ വകയില്‍ 88 കോടിയും കിട്ടാനുണ്ട്. ബാര്‍ ലൈസന്‍സ് കൈമാറ്റത്തിന് ഫീസ് ഈടാക്കുന്നതില്‍ പോലും സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള തുകകള്‍ പിരിച്ചെടുക്കാനുള്ള മനസും കുത്തകകളെ തൊടാനുള്ള ധൈര്യവും സര്‍ക്കാറിനില്ലാത്തത് കൊണ്ടാണ് എന്നതാണ്.

കുടിശ്ശികയായിക്കിടക്കുന്ന നികുതി പിരിച്ചെടുക്കുന്നതിനു പകരം എളുപ്പത്തില്‍ നികുതികിട്ടുന്ന മേഖലകളായ ഇന്ധനം, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍, മദ്യം എന്നീ മേഖലകളിലാണ് സര്‍ക്കാര്‍ കൈവെച്ചിരിക്കുന്നത്. ഇതാകട്ടെ ജനങ്ങളുടെ കൈയ്യില്‍ നിന്ന് നേരിട്ട് തുക പിടിച്ചുപറിക്കുന്നതിന് തുല്ല്യമാണ്. വര്‍ധിപ്പിച്ച നിരക്കിലുള്ള നികുതി നിരക്കുകള്‍ അംഗീകരിക്കാതെ നിര്‍വാഹവുമില്ലെന്നതിനാല്‍ ജനങ്ങള്‍ ഈ തുകകളെല്ലാം അടക്കുമെന്ന് ഭരണകൂടത്തിനുറപ്പാണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും പാവപ്പെട്ടവനെ പിഴിഞ്ഞുകൊണ്ടിരിക്കുന്നത്.

മറുഭാഗത്ത് കുത്തകകള്‍ നികുതി അടക്കുന്നതില്‍ ഗുരുതരമായി വീഴ്ച്ചയാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. അത്‌കൊണ്ട് തന്നെ നികുതി പിരിച്ചെടുക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം രാജ്യത്തുതന്നെ മുന്‍നിരയിലാണ്. ജീവിതം വഴിമുട്ടിപ്പോയതിന്റെ പേരില്‍ മാത്രം സാധാരണക്കാരന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി നോട്ടീസയക്കാന്‍ ബാങ്കുകള്‍ കാണിക്കുന്ന ആവേശം നമ്മുടെ നാട്ടിലെ പതിവു കാഴ്ച്ചയാണ്.

വൈദ്യുതി ബില്ലോ കുടിവെള്ള ബില്ലോ വൈകിപ്പോയാല്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ കുതിച്ചെത്തുന്നതും സര്‍വസാധാരണമാണ്. ഈ സാഹചര്യത്തില്‍ കോടികളുടെ കുടിശ്ശികയുണ്ടായിട്ടും കുത്തക വ്യാപാരികളും സര്‍ക്കാര്‍ വകുപ്പുകളുമൊന്നും ഒരു കുലുക്കവുമില്ലാതെയാണ് മുന്നോട്ടുപോകുന്നത്. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഇവിടെയും പിണറായി സര്‍ക്കാര്‍ മാതൃകയാക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാറിനെയാണ്.

സ്വന്തക്കാര്‍ക്കും കുത്തകകള്‍ക്കും രാജ്യത്തെ നിയമങ്ങളൊന്നും ബാധകമല്ലെന്ന അതേ സമീപനം സംസ്ഥാനസര്‍ക്കാറും പിന്തുടരുകയാണ്. അത് കൊണ്ട് തന്നെ ഇത്തരക്കാര്‍ തഴച്ചുവളരുമ്പോള്‍ പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്. ഏതായാലും സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത് സാമ്പത്തിക രംഗത്ത് സംസ്ഥാനത്തിന് സംഭവിച്ച ഗുരുതരമായ വീഴ്ച്ചകളാണ്. അതു തിരിച്ചറിഞ്ഞ് തെറ്റുതിരുത്തി മുന്നോട്ടുപോവുകയും സാധാരണക്കാരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

webdesk13: