ന്യൂഡല്‍ഹി: ഇതുവരെ കാണാത്ത പ്രക്ഷോഭത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. നിരത്തുകള്‍ കീഴടക്കിയ കര്‍ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹി കീഴടക്കിക്കഴിഞ്ഞു. രണ്ട് അതിര്‍ത്തികള്‍ കൂടി കര്‍ഷകരുടെ നിയന്ത്രണത്തില്‍ ആകുന്നതോടെ ഭരണകേന്ദ്രമായ ഡല്‍ഹി സമ്പൂര്‍ണമായി ഒറ്റപ്പെടുന്ന അവസ്ഥയാണിപ്പോള്‍. യഥാര്‍ത്ഥത്തില്‍ ഡല്‍ഹി വളയുക എന്നത് ആരുടെ ബുദ്ധിയായിരുന്നു?

ഒട്ടനേകം കര്‍ഷക സംഘടനകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമത്തിനെതിരെ സമരമുഖത്തുള്ളത്. എന്നാല്‍ ഡല്‍ഹിയെ ഒറ്റപ്പെടുത്തുക എന്ന തന്ത്രത്തിന് പ്രധാനമായും ചുക്കാന്‍ പിടിച്ചത് പഞ്ചാബിലെ അമരീന്ദര്‍ സിങ് എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ്. നേരത്തെ, പഞ്ചാബിനെ ഒറ്റപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ ഗൂഢശ്രമത്തിന് അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ഇപ്പോള്‍ അമരീന്ദര്‍.

കാര്‍ഷിക ബില്‍ നിയമമായ വേളയില്‍ ഏറ്റവും വലിയ പ്രതിഷേധമുണ്ടായത് പഞ്ചാബിലാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. സംയുക്ത സമരസമിതി ട്രയിന്‍ തടയല്‍ അടക്കമുള്ള സമരമാര്‍ഗങ്ങള്‍ സംഘടിപ്പിച്ചു. ഇതോടെ കേന്ദ്രം തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. ചരക്കു ട്രയിനുകള്‍ നിലച്ചതോടെ പഞ്ചാബ് ഒറ്റപ്പെട്ടു. കല്‍ക്കരി എത്താതായതോടെ താപനിലയങ്ങള്‍ നിശ്ചലമാകുമെന്ന അവസ്ഥ വന്നു. സംസ്ഥാനം സമ്പൂര്‍ണ ബ്ലാക് ഔട്ടിലേക്ക് നീങ്ങുമെന്ന സ്ഥിതിയായി. റെയില്‍ സമരം സമരക്കാര്‍ ഭാഗികമായി പിന്‍വലിച്ചെങ്കിലും സര്‍വീസ് തുടങ്ങാന്‍ കേന്ദ്രം ആദ്യഘട്ടത്തില്‍ തയ്യാറായില്ല.

ഇതിന് പിന്നാലെയാണ് പ്രധാനമായും പഞ്ചാബിലെ കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങാനുള്ള പദ്ധതി തയ്യാറാക്കുന്നതും തലസ്ഥാനത്തെ പ്രതിരോധത്തിലാക്കുന്നതും. പഞ്ചാബില്‍ നിന്നു മാത്രമല്ല, അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ അണി നിരന്നിട്ടുള്ളത്.

മറ്റു രാഷ്ട്രീയക്കാര്‍ ഈ പ്രതിഷേധത്തിന്റെ മുന്നണിയില്‍ നിന്ന് മനഃപൂര്‍വ്വമായ അകലം പാലിക്കുന്ന വേളയിലാണ് ക്യാപ്റ്റന്‍ അമരീന്ദറിന്റെ സാന്നിധ്യം ശ്രദ്ധേയമാകുന്നത്. സമരം ഡല്‍ഹിയിലേക്ക് കടന്നിട്ടും രാഹുല്‍ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തെരുവിലിറങ്ങി ഇവര്‍ക്ക് പിന്തുണയറിയിച്ചിട്ടില്ല. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഈ പ്രശ്‌നത്തില്‍ ബിജെപിക്കും കേ്ന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് അമരീന്ദര്‍ സിങ് ഉന്നയിക്കുന്നത്.

അതേസമയം, കര്‍ഷകരെ ഖലിസ്ഥാന്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ ആക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെയും ബിജെപി കേന്ദ്രങ്ങളുടെയും ശ്രമം. ഇത് എത്രമാത്രം വിജയിക്കുമെന്ന് ഇനി കാത്തിരുന്നു കാണേണ്ടതുണ്ട്. എന്തും നേരിടാന്‍ ഒരുക്കമാണ് എന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശേഷിച്ചും.