കുഞ്ചിത്തണ്ണി : ഇരുപതേക്കര്‍ നെല്ലിക്കാട്ടില്‍ റോഡരികില്‍നിന്ന നാലുപേരെ ഇടിച്ചിട്ട കാര്‍ രാത്രിയില്‍ കത്തിച്ചു.  നെല്ലിക്കാട് സ്വദേശികളായ കുന്നുംപുറത്ത് അജി (42), നിത്യ (30), ആര്‍.കണ്ണന്‍ (40), മൂലക്കട സ്വദേശി വാഴയില്‍ സുധാകരന്‍ (55) ഇടിച്ചിട്ട കാറാണ് അജ്ഞാതര്‍ കത്തിച്ചത്. ശനിയാഴ്ച വൈകീട്ടാണ് റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരെ കാറിടിച്ചത്.

നെല്ലിക്കാട് സ്വദേശി മണിയുടെ കാറാണ് ഇവരെ ഇടിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. വടിവാളും വെട്ടുകത്തിയും വാഹനത്തില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

അപകടത്തെ തുടര്‍ന്ന് ഏലത്തോട്ടത്തില്‍ കിടന്ന കാര്‍ രാത്രിയിലാണ് ആരോ തീയിട്ടുനശിപ്പിച്ചത്. കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. കുറച്ചുനാളുകളായി നെല്ലിക്കാട്ടില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ബാക്കിപത്രമാണ് ഈ കാറപകടവും കാര്‍ കത്തിക്കലുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.