X

വിദ്വേഷ പ്രസംഗം: കെ.പി ശശികലക്കെതിരെ കേസെടുത്തു: യുഎപിഎ ഇല്ല

കാസര്‍കോട്: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ പ്രകാരം പൊലീസ് കേസെടുത്തു. കാസര്‍കോട് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. 153 എ ഐ.പി.സി വകുപ്പ് പ്രകാരമാണ് കേസ്. മതസ്പര്‍ധ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ശശികലക്കെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം യു.എപിഎ പ്രകാരം കേസെടുക്കാത്തതിന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. രണ്ടാഴ്ച മുമ്പാണ് തെളിവുകള്‍ സഹിതം ശൂക്കൂര്‍ വക്കീല്‍ ശശികലക്കെതിരെ പരാതി നല്‍കിയത്.

പരാതിയിന്മേല്‍ നടപടി വൈകിയതിലും സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ ഇടപെട്ടുവെന്ന കുറ്റമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം ചുമത്തുന്നത്. തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിക്കുയും ശത്രുതാമനോഭാവം വളര്‍ത്തി പരസ്പരം അകറ്റുകയെന്ന ഉദ്ദേശ്യത്തോടെയുമാണ് ശശികലയുടെ പ്രസംഗങ്ങളെന്നും അഡ്വ. ശുക്കൂര്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരുന്നു. ഓരോപ്രസംഗങ്ങളുടേയും വരികളും വരികള്‍ക്കിടയിലെ അര്‍ത്ഥങ്ങളും സൗഹാര്‍ദത്തോടെ ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയ മനസുകളെ പരസ്പരം അകറ്റുന്നതിനും ശത്രുക്കളാക്കുവാനും ഉദ്ദേശിച്ചിട്ടുള്ളതാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.


also read: വിദ്വേഷ പ്രസംഗം: കെ.പി ശശികലക്കെതിരെ  പരാതി


Web Desk: