കൊച്ചി: നടന്‍ ലാലിന്റെ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പെടെ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന്റെ പേരിലാണ് കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് നടിയുടെ പരാതിയില്‍ പറയുന്നത്. കൊച്ചി പനങ്ങാട് പൊലീസ് കേസ് അന്വേഷിക്കുന്നത്.
2016 നവംബര്‍ 16ന് ഹണിബീ ടുവിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി യുവനടി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് പരാതി. പ്രതിഫലം നല്‍കിയില്ലെന്നും നടി പരാതിയില്‍ പറയുന്നു. ടെക്‌നീഷ്യന്മാരായ അനുപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു കുറ്റാരോപിതര്‍. പൊലീസ് നടിയുടെ മൊഴിയെടുത്തു. ജീന്‍ പോളിനെയും സംഘത്തെയും ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കും.