കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് നടന്‍ ദിലീപ് പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്.

സഹതടവുകാരോട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സൗഹൃദപരമായി ഇടപ്പെട്ടിരുന്ന ദിലീപിന് ജാമ്യം ലഭിക്കുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഇക്കാര്യം മറ്റു തടവുകാരോട് താരം പറയുകയും ചെയ്തിരുന്നു.

ജാമ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് സഹതടവുകാരോടും ജീവനക്കാരോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ടിവിയിലൂടെ കോടതി വിധി കേട്ടതോടെ ദിലീപ് പൊട്ടിക്കരഞ്ഞു. പിന്നീട് സഹോദരന്‍ അനൂപ് എത്തിയപ്പോഴും ഇതേ പ്രതികരണം തന്നെയായിരുന്നു.

അമ്മയെയും മകള്‍ മീനാക്ഷിയെയും ജയില്‍ ഫോണില്‍ ബന്ധപ്പെട്ട ദിലീപ് എന്നു തിരികെ വരുമെന്ന അമ്മയുടെ ചോദ്യത്തിനു മുന്നിലും പൊട്ടിക്കരഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് റിമാന്റില്‍ കഴിയുന്ന ദിലീപ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷന്‍ വാദങ്ങളെയും കോടതി പൂര്‍ണമായും ശരിവെച്ചു.

ഉന്നത സ്വാധീനമുള്ളതിനാല്‍ ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.