X

സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മക്കെതിരെ ഒരു രാത്രി കൊണ്ട് നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്തെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ ഒറ്റ രാത്രികൊണ്ട് അധികാരഭ്രഷ്ടരാക്കിയ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍(സി.വി.സി) നടപടിയുടെ കാരണം തേടി സുപ്രീംകോടതി. തന്റെ അധികാരം എടുത്തു കളഞ്ഞ നടപടി ചോദ്യം ചെയ്ത് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. എന്തുകൊണ്ടാണ് അസാധാരണ നടപടിയെന്ന കോടതിയുടെ ചോദ്യത്തിന് അസാധാരണ പ്രതിസന്ധിയുണ്ടാകുമ്പോള്‍ പരിഹരിക്കാന്‍ അസാധാരണ നടപടി തന്നെ വേണ്ടി വരുമെന്നായിരുന്നു സി.വി.സിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി.

സി.ബി.ഐ തലപ്പത്തെ പ്രശ്‌നങ്ങള്‍ ജൂലൈയില്‍ തന്നെ തുടങ്ങിയിരുന്നുവെന്നും തുഷാര്‍ മേത്ത പറഞ്ഞു. രണ്ടുമാസമായി അദ്ദേഹത്തെ നിങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണോ ഇതിനര്‍ത്ഥമെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് നടപടിയെടുക്കാന്‍ ഒക്ടോബര്‍ 23ന് അര്‍ധരാത്രിവരെ കാത്തിരിന്നുവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ചോദിച്ചു.
ഉയര്‍ന്ന സ്വഭാവമുള്ള കേസുകള്‍ അന്വേഷിക്കേണ്ട കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം ജോലികള്‍ ചെയ്യാതെ പരസ്പരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും റെയ്ഡ് നടത്താനും മത്സരിക്കുകയായിരുന്നുവെന്നും ഇത്തരമൊരു സാഹചര്യത്തിലാണ് നടപടിയെടുത്തതെന്നും മേത്ത വിശദീകരിച്ചു.

സെലക്ഷന്‍ കമ്മിറ്റിയുമായി കൂടിയാലോചിക്കാതെ സി.ബി.ഐ ഡയരക്ടറുടെ അധികാരം എടുത്തുമാറ്റിയ സി.വി.സി നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അലോക് വര്‍മ്മക്കു വേണ്ടി ഹാജരായ അഡ്വ. ഫാലി എസ് നരിമാന്‍ വാദിച്ചു. സി.ബി.ഐ ഡയരക്ടര്‍ എന്നത് ഇപ്പോള്‍ വിസിറ്റിങ് കാര്‍ഡിലെ പദവി മാത്രമാണ്. യാതൊരു അധികാരവുമില്ലെന്നും നരിമാന്‍ ആരോപിച്ചു. പകരം പുതിയ സി.ബി.ഐ ഡയരക്ടറെ നിയമിക്കാമോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന്, നീണ്ട മൗനത്തിനു ശേഷം ഭരണഘടന നല്‍കുന്ന അധികാരം കോടതിക്ക് യുക്തിസഹമായി വിനിയോഗിക്കാമെന്ന് ഫാലി നരിമാന്‍ മറുപടി നല്‍കി.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ബാധ്യത സി.വി.സിക്കുണ്ടെന്നും അതില്‍ വീഴ്ച പറ്റിയാല്‍ സുപ്രീംകോടതിയോടും രാഷ്ട്രപതിയോടും മറുപടി പറയേണ്ടി വരുമെന്നും തുഷാര്‍ മേത്ത വാദിച്ചു. ഒരു രാ്ത്രി കൊണ്ടുണ്ടായതല്ല ഉദ്യോഗസ്ഥര്‍ക്കിടയിലെ പ്രശ്‌നമെന്ന് സി.വി.സി തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ സെലക്ഷന്‍ കമ്മിറ്റിയുമായി ആലോചിച്ചു വേണമായിരുന്നു അധികാരം എടുത്തു കളയാനെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് കോടതി വിധി പറയാന്‍ മാറ്റിവെച്ചു.

chandrika: