ചാലക്കുടി: റോഡിലെ വെള്ളക്കെട്ട് കാരണം റെയില്‍വേ ട്രാക്കിലൂടെ നടക്കവേ തോട്ടിലേക്ക് വീണ യുവതികളില്‍ ഒരാള്‍ മരിച്ചു. വി ആര്‍ പുരം സ്വദേശി ദേവീ കൃഷ്ണ(28)യാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ (40) പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നു രാവിലെ പത്തു മണിയോടെ വിജയരാഘവപുരത്താണ് സംഭവം. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ റോഡില്‍ വെള്ളക്കെട്ട് കണ്ട ദേവീ കൃഷ്ണയും ഫൗസിയയും റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്നു. എന്നാല്‍ ട്രെയിന്‍ വരുന്നതു കണ്ട പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേക്കു നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. മൂന്നു പേര്‍ ചേര്‍ന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നുപോയത്. ഇതില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീഴാതെ രക്ഷപ്പെട്ടു.